കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് കടന്നു; കേസെടുത്ത് പൊലീസ്

മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രോട്ടോക്കോള്‍ പ്രകാരം സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെയാണ് രഹസ്യമായി കടത്തിയത്.

Update: 2021-05-19 14:25 GMT

കോവിഡ് ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവുമായി യുവാവ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ പരാതിയില്‍ പോലീസ് യുവാവിനെ കണ്ടെത്തി മൃതദേഹം തിരികെയെത്തിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തതായും പോലീസ് പറഞ്ഞു.

ഗെവ്റായി സ്വദേശിയായ 38കാരനാണ് ഭാര്യയുടെ മൃതദേഹവുമായി കോവിഡ് ആശുപത്രിയിൽനിന്ന് കടന്നത്. ഇയാൾക്കൊപ്പം ബന്ധുക്കളായ മൂന്നുപേരും സഹായത്തിനുണ്ടായിരുന്നു. 

ഏപ്രിൽ 23നാണ് ഇയാളുടെ ഭാര്യയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ യുവതി മരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനിരിക്കെ ഭർത്താവ് തർക്കമുണ്ടാക്കുകയായിരുന്നു. 

Advertising
Advertising

മൃതദേഹം തങ്ങൾക്ക് വിട്ടുതരണമെന്നും നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നുമായിരുന്നു യുവാവിന്‍റെ ആവശ്യം. രണ്ടു ദിവസം മുമ്പു നടത്തിയ ആന്‍റിജൻ പരിശോധനയിൽ ഭാര്യ നെഗറ്റീവാണെന്നും അതിനാൽ മൃതദേഹം വിട്ടുനൽകണമെന്നും യുവാവ് പറഞ്ഞു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാകില്ലെന്നും വിട്ടുനൽകാനാവില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടര്‍ന്നാണ് യുവാവ് ഭാര്യയുടെ മൃതദേഹവുമായി ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞത്. 

മോർച്ചറിയിലേക്ക് മാറ്റാനായി ജീവനക്കാരൻ വാർഡിൽ എത്തിയപ്പോഴാണ് മൃതദേഹം കാണാതായെന്ന് ആശുപത്രി അധികൃതര്‍ അറിഞ്ഞത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോളൊന്നും പാലിക്കാതെയാണ് യുവാവ് മൃതദേഹം രഹസ്യമായി കൊണ്ടുപോയത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News