മുംബൈയിൽ മഴ ശക്തം: റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്

Update: 2021-06-09 15:14 GMT
Editor : Suhail | By : Web Desk
Advertising

കനത്ത മഴയെ തുടർന്ന് മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരുന്ന നാല് ദിവത്തേക്ക് കൂടി മുംബൈയിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശ മേഖലയായ കൊങ്കൺ കിനാർപറ്റിയിലെ ചില ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.


ബുധനാഴ്ച്ച റെഡ് അലർട്ടും വരുന്ന നാല് ദിവസങ്ങളിൽ യെല്ലോ അലർട്ടുമാണ് മുംബൈയിൽ പ്രഖ്യാപിച്ചത്. കൊങ്കൺ മേഖലയിലും റെഡ് - യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ​ഗോവയിലും അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് ട്വിറ്ററിൽ അറിയിച്ചു.

അടിയന്തര നടപടിക്ക് ഉത്തരവിട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മഴവെള്ളം എത്രയും വേ​ഗം ഒഴുക്കി കളയാനുള്ള പ്രവർത്തനങ്ങൾക്ക് മുൻ​ഗണന നൽകണമെന്ന് അഡ്മിനിസ്ട്രേഷന് നിർദേശം നൽകി. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ് ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

ഇന്ന് ആരംഭിച്ച തെക്ക് പടിഞ്ഞാറൻ മൺസൂൺ ആണ് ശക്തമായ മഴക്ക് കാരണം. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. മഴയും വെള്ളക്കെട്ടും കാരണം ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ബസ് സർവീസുകൾ ചിലത് റദ്ദാക്കുകയോ റൂട്ട് മാറ്റി സർവീസ് നടക്കുകയോ ചെയ്യുന്നുണ്ട്.

അടുത്ത രണ്ട് മൂന്ന് ദിവസങ്ങളിൽ മധ്യപ്രദേശ്, വിദർഭ, ചത്തീസ്​ഗഡ്, ഒഡീഷ, പശ്ചിമ ബം​ഗാൾ, ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ട്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News