രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ്: 3.75 ലക്ഷം കടന്ന് പ്രതിദിന കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്.
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി. പുതിയ രോഗികളുടെ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ്.
കോവിഡില്‍ വിറങ്ങലിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. 66,358 കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ട്. അതേസമയം ഹരിയാനയിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90ലധികം മരണമാണ് കോവിഡ് മൂലം റിപ്പോർട്ട് ചെയ്തത്. അതേസമയം കോവിഡ് വാക്സിന്റെ ജി.എസ്.ടി കേന്ദ്രസർക്കാർ ഒഴിവാക്കിയേക്കും. അതിനിടെ റഷ്യയിൽ നിന്നുള്ള ആദ്യഘട്ട സഹായം ഇന്ത്യയിലെത്തി.