കർണാടകയില്‍ മൂവായിരത്തോളം കോവിഡ് രോഗികളെ കാണാനില്ല

കണ്ടെത്താനാകാത്ത ഇവർ സംസ്ഥാനത്തുടനീളം രോ​ഗം പരത്താൻ സാധ്യതയുണ്ടെന്ന് ക‍ർണാടക റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു

Update: 2021-04-29 07:55 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് അതിവേഗം വ്യാപിക്കുന്നതിനിടെ കര്‍ണാടകയില്‍ 3000 ഓളം കോവിഡ് ബാധിത‍രെ കാണാനില്ല. ഇവരിൽ മിക്കവരും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെച്ചിരിക്കുകയാണ്. കണ്ടെത്താനാകാത്ത ഇവർ സംസ്ഥാനത്തുടനീളം രോ​ഗം പരത്താൻ സാധ്യതയുണ്ടെന്ന് ക‍ർണാടക റവന്യൂ മന്ത്രി ആർ അശോക പറഞ്ഞു.ഇത്തരത്തിലുള്ള ആളുകളുടെ നിരുത്തരവാദിത്തപരമായ പ്രവൃത്തി മൂലമാണ് സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കാനിടയാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'മുങ്ങിയ' രോഗികളെ തിരഞ്ഞു പിടിക്കാനുള്ള ചുമതല കര്‍ണാടക സര്‍ക്കാര്‍ പോലീസിനെ ഏല്‍പിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 39047 പേർക്കാണ് ബുധനാഴ്ച കർണാടകയിൽ കൊവിഡ് ബാധിച്ചത്. ഇതുവരെയുള്ളതിലെ റെക്കോർഡ് വർദ്ധനവാണ് ബുധനാഴ്ച ഉണ്ടായിരിക്കുന്നത്. 229 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജനങ്ങളുടെ അനാവശ്യ സഞ്ചാരം ഒഴിവാക്കാന്‍ പതിനാല് ദിവസത്തെ ലോക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 27 ന് രാത്രി ഒമ്പത് മുതലാണ് ലോക് ഡൗണ്‍ നിലവില്‍ വന്നത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News