തെരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത് വേണമെന്ന് സോണിയാ ഗാന്ധി

തിരിച്ചടികള്‍ പരിശോധിക്കുകയും നമ്മുടെ വീട് ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞത്.

Update: 2021-05-10 09:16 GMT

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമായതിനാല്‍ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. തിരിച്ചടികള്‍ പരിശോധിക്കുകയും നമ്മുടെ വീട് ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞത്.

മോശം പ്രകടനം എന്തുകൊണ്ടെന്ന് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷ. ഗുരുതരമായ തിരിച്ചടികള്‍ നമ്മള്‍ ശ്രദ്ധിക്കണം. തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും പരിശോധിക്കാനും വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി ഒരു സമിതിയെ നിയോഗിക്കും- സോണിയ പറഞ്ഞു.

Advertising
Advertising

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളും കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ജൂണ്‍ 23ന് അധ്യക്ഷനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. ജൂണ്‍ ഏഴിനകം നാമനിര്‍ദേശം നല്‍കാം. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചുകാലമായി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളൊന്നും പ്രവര്‍ത്തക സമിതിയില്‍ നടക്കുന്നുണ്ടായിരുന്നില്ല.

കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളാണ് മുഴുവന്‍ സമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചത്. കഴിഞ്ഞ വര്‍ഷം ആഗസ്ത് 23നാണ് ഗുലാം നബി ആസാദ്, ആനന്ദ ശര്‍മ, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ നേതാക്കള്‍ കത്തയച്ചത്. രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കാന്‍ ക്രിയാത്മകമായ മുഴുവന്‍ സമയ അനിവാര്യമാണെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജൂണില്‍ പാര്‍ട്ടി പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാന്‍ പിന്നീട് ധാരണയായിരുന്നു. രാഹുല്‍ ഗാന്ധി അടുത്ത കാലത്ത് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇപ്പോള്‍ പാര്‍ട്ടിയുടെ ശ്രദ്ധ മുഴുവന്‍ കോവിഡ് മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്നതിനാണ് എന്നാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ നടക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News