കോഴികള്‍ മുട്ടയിടുന്നില്ല; പൊലീസിന് കര്‍ഷകന്‍റെ പരാതി

ഒരു ഫാമില്‍ നിര്‍മിക്കുന്ന തീറ്റ വാങ്ങി നല്‍കിയതിനു പിന്നാലെയാണ് കോഴികള്‍ മുട്ടയിടാതായത്.

Update: 2021-04-23 09:21 GMT
Advertising

കോഴികള്‍ മുട്ടയുല്‍പാദനം നിര്‍ത്തിയെന്ന പരാതിയുമായി കര്‍ഷകന്‍ പൊലീസിനെ സമീപിച്ചു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലാണ് സംഭവം. ഒരു ഫാമില്‍ നിര്‍മിക്കുന്ന തീറ്റ വാങ്ങി നല്‍കിയതിനു പിന്നാലെയാണ് കോഴികള്‍ മുട്ടയിടാതായതെന്നാണ് പൂനെ പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. മുട്ടയ്ക്കായി വളര്‍ത്തുന്ന കോഴികളായതിനാലാണ് പൊലീസിനെ സമീപിച്ചതെന്നാണ് പരാതിക്കാരന്‍റെ വിശദീകരണം.

തീറ്റ തിരികെ എടുക്കാമെന്ന് തീറ്റ നിര്‍മ്മാതാക്കള്‍ സമ്മതിക്കുകയും കര്‍ഷകന് നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തതായാണ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്. അതിനാല്‍ കര്‍ഷകന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

മറ്റ് നാലു ഫാമുകളും സമാന പ്രശ്നങ്ങള്‍ നേരിട്ടതായി പൊലീസ് കണ്ടെത്തി. അവര്‍ക്കും നഷ്ട പരിഹാരം നല്‍കുമെന്നാണ് തീറ്റ നിര്‍മ്മാതാക്കള്‍ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. 

പൗള്‍ട്രി മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ സ്ഥിരമായി കാണാറുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ പൊലീസിനോട് പ്രതികരിച്ചത്. ചില തീറ്റകള്‍ കോഴികള്‍ക്ക് അനുയോജ്യമല്ലാതെ വരാം. അപ്പോള്‍ കോഴികള്‍ മുട്ടയുല്‍പാദിപ്പിക്കുന്നത് നിര്‍ത്തുമെന്നും ഓഫീസര്‍ അറിയിച്ചു. പുതിയ തീറ്റ ഉപേക്ഷിച്ച് പഴയതു തന്നെ നല്‍കാന്‍ തുടങ്ങിയാല്‍ മുട്ടയിടാന്‍ തുടങ്ങുമെന്നും ഓഫീസര്‍ വ്യക്തമാക്കി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News