കോവിഡ് വാക്സിന്‍ ഉല്‍പാദനം വർധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ നീക്കം

മറ്റ് മരുന്ന് കമ്പനികളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്

Update: 2021-05-14 09:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് കോവിഡ് വാക്സിന്‍ ഉല്‍പാദനം വർധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ നീക്കം. മറ്റ് മരുന്ന് കമ്പനികളുടെ സഹകരണത്തോടെ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ രാജ്യത്ത് മൂന്നര ലക്ഷത്തോളം പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാമന്ത്രി പറഞ്ഞു.

കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നിവയെ രാജ്യത്തെ മറ്റു പ്രധാന മരുന്ന് ഉല്‍പാദന കമ്പനികളുമായി സഹകരിപ്പിച്ച് വാക്സിന്‍ നിർമാണം കൂട്ടാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്‍റെ ഭാഗമായി ഈ മരുന്നുകളുടെ ഫോർമുല മറ്റ് ഉല്‍പാദന കമ്പനികള്‍ക്ക് നല്‍കാന്‍ സർക്കാർ നിർദേശിച്ചു. ഇതിനോട് കൊവാക്സിന്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. കോവിഷീല്‍ഡിന്‍റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചിട്ടില്ല.

വാക്സിന്‍ ഉല്‍പാദത്തിന് വിദേശ വാക്സിന്‍ കമ്പനികളായ ഫൈസർ, മൊഡേണ, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നിവരെ സർക്കാർ ക്ഷണിച്ചിരുന്നു. ഇന്ത്യയുമായി സഹകരിക്കാമെന്ന് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വാക്സീൻ ഉത്പാദനം നടത്താനാണ് ആലോചന. ഫൈസര്‍, മൊഡേണ കമ്പനികളുടെ വാക്സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യും. ഡിസംബറോടെ വാക്സീന്‍ എത്തുമെന്നും നീതി ആയോഗ് അറിയിച്ചു.

ഇതിനിടെ രാജ്യത്ത് മൂന്ന് ലക്ഷത്തി നാല്പത്തി മൂവായിരത്തി 144 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാലായിരം പേർ കൂടി മരിച്ചു. ഗോവയില്‍ കോവിഡ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 15 പേർ കഴിഞ്ഞ ദിവസം മരിച്ചു. ഓക്സിജന്‍ വര്‍ധിപ്പിക്കാന്‍ സർക്കാർ സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനന്ത്രി പറഞ്ഞു. സർക്കാർ കേന്ദ്രങ്ങളില്‍ സൗജന്യ വാക്സിനേഷന്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News