കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് സോളിസിറ്റർ ജനറൽ; അതൊരു നിരോധിത സംഘടനയാണോ എന്ന് സുപ്രിംകോടതി

"2018 ഡിസംബറിൽ പൂട്ടിയ പത്രത്തിന്റെ ഐഡി കാർഡാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖപത്രമായിരുന്നു തേജസ്"

Update: 2021-04-28 08:19 GMT
Editor : abs
Advertising

ന്യൂഡൽഹി: സിദ്ദീഖ് കാപ്പൻ കേസിലെ വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രിംകോടതി. സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് അംഗമാണ് എന്ന മേത്തയുടെ വാദത്തോട് അതൊരു നിരോധിത സംഘടനയാണോ എന്ന് കോടതി ചോദിച്ചു. അല്ല എന്ന് മറുപടി നൽകിയ സോളിസിറ്റർ ജനറൽ സംഘടനയെ നിരോധിക്കാനുള്ള നടപടിയിലാണ് കേന്ദ്രം എന്നും അറിയിച്ചു. ഇപ്പോൾ നിരോധമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മേത്തയുടെ മറുപടി.

'കുറ്റാരോപിതന് എതിരെയുള്ള തെളിവുകൾ ഗൗരവതരമാണ്. 2018 ഡിസംബറിൽ പൂട്ടിയ പത്രത്തിന്റെ ഐഡി കാർഡാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്. ഹാഥ്‌റസ് സംഭവത്തിനിടെ ജാതി വിവേചനമുണ്ടാക്കാനാണ് ഇദ്ദേഹം അവിടെയെത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുഖപത്രമായിരുന്നു തേജസ്' - സോളിസിറ്റർ ജനറൽ പറഞ്ഞു.

ഉസാമ ബിൻ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച പത്രമാണ് തേജസെന്നും അദ്ദേഹം വാദിച്ചു. 'പത്തു വർഷം മുമ്പ് നിരോധിക്കപ്പെട്ട സിമിയുമായി പിഎഫ്‌ഐക്ക് ബന്ധമുണ്ട്. കുറ്റാരോപിതന് പിഎഫ്‌ഐ അംഗങ്ങളുമായി ബന്ധമുണ്ടായിരുന്നു. കാറിൽ ഇദ്ദേഹത്തിന്റെ കൂടെയുള്ളവരും പിഎഫ്‌ഐ പ്രവർത്തകരായിരുന്നു.' - മേത്ത പറഞ്ഞു.

അതിനിടെ, കാപ്പന് എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടായത് എന്ന് കോടതി ചോദിച്ചു. 'കാപ്പന് പോപ്പുലർ ഫ്രണ്ടിൽ നിന്ന് സാമ്പത്തിക നേട്ടം കിട്ടിയെന്നാണ് നിങ്ങൾ വാദിക്കുന്നത്. കാപ്പനെ കുറിച്ച് പറയുമ്പോഴൊക്കെ നിങ്ങൾ കാശ് ഡെപ്പോസിറ്റിനെ കുറിച്ച് പറയുന്നു. അത് ആയിരത്തിലാണോ ലക്ഷത്തിലാണോ? ചെറിയ ശമ്പളം കിട്ടുന്ന റിപ്പോർട്ടറാണ് എന്ന് ചൂണ്ടിക്കാട്ടി രണ്ട് സബ്മിഷനുകൾ കോടതിയിൽ കിട്ടിയിട്ടുണ്ട്' - ജസ്റ്റിസ് കാന്ത് ചൂണ്ടിക്കാട്ടി.

എല്ലാ പട്ടാളക്കാർക്കും സംഘടനയിൽ നിന്ന് നഷ്ടപരിഹാരം കിട്ടില്ലെന്ന മറുപടിയാണ് സോളിസിറ്റൽ ജനറൽ ഇതിനു നൽകിയത്. അദ്ദേഹത്തിന് ആ സംഘടനയുമായി ബന്ധമുണ്ടായിരുന്നു. സിമിക്ക് ലക്ഷക്കണക്കിന് രൂപ വിദേശ സംഘടനകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. കാപ്പന് ജാമ്യം പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തങ്ങൾ ചോദിക്കുന്ന നിയമപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ മതി എന്നാണ് കോടതി പറഞ്ഞത്.

കാപ്പന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സംസാരിക്കവെ, ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനമാണ് എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആശുപത്രി സൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നറിയാം. ഞങ്ങൾ അതേക്കുറിച്ച് ബോധവാന്മാരാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ് എങ്കിൽ അദ്ദേഹത്തെ ഡൽഹിയിലെ നല്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുകൂടെ. ആരോഗ്യം നല്ല നിലയിലായ ശേഷം തിരിച്ചു കൊണ്ടു പോകാം- ചീഫ് ജസ്റ്റിസ് പറഞ്ഞു.

കോടതിയുടെ അഭിപ്രായ പ്രകടനത്തോട് സോളിസിറ്റർ ജനറൽ യോജിച്ചില്ല. മഥുരയിലെയും ഡൽഹിയിലെയും നികുതി ദായകരുടെ പണം ഉപയോഗിച്ച് ഇത് ആവശ്യമില്ല എന്നായിരുന്നു മേത്തയുടെ മറുപടി.

Tags:    

Editor - abs

contributor

Similar News