ഖത്തറിൽ കോവിഡ് ബാധിച്ചു പത്തു മരണം കൂടി
മുതിർന്നവരിൽ 40 ശതമാനത്തോളം പേർ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു
ഖത്തറിൽ കോവിഡ് രോഗബാധ മൂലം പത്തുപേർ കൂടി മരിച്ചു. പുതുതായി 705 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുതിർന്നവരിൽ 40 ശതമാനത്തോളം പേർ ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു
കോവിഡ് രണ്ടാം തരംഗത്തിലെ ഏറ്റവും വലിയ പ്രതിദിന മരണമാണ് ഇന്ന് ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 428 ആയി. പുതുതായി 705 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിൽ 503 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 202 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. അതേസമയം, രോഗമുക്തരുടെ എണ്ണം ഉയർന്ന നിലയിൽ തന്നെ തുടരുന്നത് ആശ്വാസകരമാണ്. ഇന്ന് 1,548 പേർക്കാണ് രോഗമുക്തി റിപ്പോർട്ട് ചെയ്തത്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 20,251 ആയി. 1084 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 428 പേർ അത്യാഹിത വിഭാഗങ്ങളിലുമാണുള്ളത്.
അതിനിടെ മുതിർന്നവരുടെ മൊത്തം ജനസംഖ്യയിൽ നാൽപ്പത് ശതമാനത്തോളം പേർ ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ച് ലക്ഷത്തിലധികം പേർ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞു. 60 വയസ്സിന് മുകളിലുള്ളവരിൽ 84.5 ശതമാനം പേർക്കും വാക്‌സിൻ നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം പുറത്തുവിട്ട പ്രതിവാര റിപ്പോർട്ടിൽ വ്യക്തമാക്കി.