'കോവിഡ് മരുന്ന് നല്‍കാന്‍ ഗംഭീറിന് ലൈസന്‍സ് ഉണ്ടോ? വിമര്‍ശവുമായി ഡല്‍ഹി ഹൈക്കോടതി

കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ഫ്‌ളൂ മരുന്ന് ഈസ്റ്റ് ഡല്‍ഹിയിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ഗംഭീര്‍ ട്വിറ്റ് വന്‍ വിവാദമായിരുന്നു

Update: 2021-04-28 05:32 GMT
Editor : rishad | By : Web Desk
Advertising

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വിതരണം ചെയ്യാനും വലിയ അളവില്‍ സൂക്ഷിച്ചുവെക്കാനും ബി.ജെ.പി എംപി ഗൗതംഗംഭീറിന് എങ്ങനെ കഴിയുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി. കോവിഡ് മരുന്നുകളുടെ ലഭ്യതയില്ലായ്മയെക്കുറിച്ചുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ ഫാബി ഫ്‌ളൂ മരുന്ന് ഈസ്റ്റ് ഡല്‍ഹിയിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ഗംഭീറിന്റെ ട്വിറ്റ് വന്‍ വിവാദമായിരുന്നു. വിഷയം കോടതിയുടെ ശ്രദ്ധയിലും എത്തിച്ചിരുന്നു. ഡോക്ടര്‍മാരുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലല്ലേ ഇവ കൊടുക്കുക, എങ്ങനെയാണ് വലിയ അളവില്‍ ഇവ സംഭരിക്കാന്‍ കഴിയുന്നത്. ഈ മരുന്നുകള്‍ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് ലൈസന്‍സ് ഉണ്ടോ? ഇതിന് ലൈസന്‍സ് ആവശ്യമില്ലേ?- വിപിന്‍ സങ്കിയും രേഖ പല്ലെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

മരുന്ന് വിതരണം നിര്‍ത്തിയെന്നാണ് കരുതിയത്, എന്നാല്‍ അത് ഇപ്പോഴും തുടരുകയാണെന്നും കോടതി പറഞ്ഞു. ഗംഭീറിന്റെ നടപടി നിരുത്തരവാദപരമെന്നായിരന്നു ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായ രാഹുല്‍ മെഹ്‌റയുടെ പ്രതികരണം. രാഹുല്‍ മെഹ്‌റയാണ് ഗംഭീറിന്റെ  ട്വീറ്റിന്റെ കാര്യം കോടതിയില്‍ പരാമര്‍ശിച്ചത്. അയാള്‍ക്ക് എവിടെ നിന്നാണ് മരുന്നുകള്‍ കിട്ടുന്നതെന്ന് അറിയില്ലെന്നും മെഹ്‌റ പറഞ്ഞു.

ഗംഭീറിന്റേത് മരുന്ന് പൂഴ്ത്തിവെപ്പ് ആണെന്ന് ആരോപിച്ച് സോംനാഥ് ഭാരതി , രാജേഷ് ശർമ തുടങ്ങിയ എ.എ.പി നേതാക്കൾ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നൂറ് സ്ട്രിപ്പ് മരുന്ന് വാങ്ങി ആളുകൾക്ക് സൗജന്യമായി നൽകുന്നത് എങ്ങനെ പൂഴ്ത്തിവെപ്പ് ആകുമെന്നാണ് ഗംഭീര്‍‌ ചോദിക്കുന്നത്. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News