മിഠായിതെരുവിലെ തുടർ തീപിടിത്തം തടയാൻ നടപടികളുമായി അഗ്‌നിരക്ഷാ സേന

ഫയർ ഫോഴ്‌സ് മേധാവി സ്ഥലം സന്ദർശിച്ചു

Update: 2021-09-21 03:27 GMT
Advertising

കോഴിക്കോട് മിഠായിതെരുവിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തം തടയാൻ നടപടികളുമായി അഗ്‌നിരക്ഷാ സേന. മിഠായിതെരുവിലെ വ്യാപാരികൾക്ക് പരിശീലനം നൽകാനും സുരക്ഷാ ബോധവത്കരണം നടത്താനുമാണ് തീരുമാനം. എല്ലാ കടകളിലും അഗ്‌നി രക്ഷാ ഉപകരണങ്ങൾ സജ്ജീകരിക്കുമെന്ന് മിഠായിതെരുവിൽ പരിശോധന നടത്തിയ ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ പറഞ്ഞു.

ഈ മാസം 10ന് മിഠായിതെരുവ് മൊയ്തീൻ പള്ളി റോഡിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫയർ ഫോഴ്‌സ് മേധാവി ബി. സന്ധ്യയുടെ പരിശോധന. കത്തി നശിച്ച കടകളും പരിസരവും പരിശോധിച്ചു. ഫയർ ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ കൂടി വിലയിരുത്തിയാണ് കൂടുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാകും പുതിയ കർമ പദ്ധതി.

ക്രമീകരണങ്ങളുടെ വിലയിരുത്തലിന് തുടർ പരിശോധനകൾ നടത്തും. നിയമങ്ങൾ പാലിക്കാതെ നടത്തുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. അതേ സമയം തീപിത്തമുണ്ടായ കടകൾ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണെന്ന് കണ്ടെത്തിയ കോഴിക്കോട് കോർപ്പറേഷൻ ഉടമകൾക്ക് നോട്ടീസ് നൽകി. ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മിഠായിതെരുവിൽ പരിശോധന നടത്തിയ പോലീസ് സംഘം ഈ ആഴ്ച റിപ്പോർട്ട് സമർപ്പിക്കും.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News