അനധികൃത സ്വത്തുസമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ അന്വേഷണത്തിന് വിജിലന്‍സ് സംഘത്തെ വിപുലീകരിക്കും

കോടതിയിൽ നിന്ന് രേഖകൾ കിട്ടിയാൽ ഷാജിയെ വീണ്ടും ചോദ്യം ചെയ്യും.  

Update: 2021-04-17 05:48 GMT

കെ.എം ഷാജിയുടെ അനധികൃത സ്വത്തുസമ്പാദന കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ വിപുലീകരിക്കും. ഷാജിയുടെ പത്തു വർഷത്തെ സമ്പാദ്യവും ചിലവും പരിശോധിക്കേണ്ടതിനാലാണ് നടപടി. 2011ല്‍ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതു മുതലുളള കെ.എം ഷാജിയുടെ എല്ലാ വരവു ചെലവു കണക്കുകളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. 

ഷാജിയുടെ രണ്ടു വീടുകളുടെ മൂല്യവും വിജിലന്‍സ് കണക്കാക്കും. ഇതിനോടകം ഹാജരാക്കിയ തെളിവുകള്‍ വിട്ടുകിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതിയിൽ നിന്ന് രേഖകൾ കിട്ടിയാൽ ഷാജിയെ വീണ്ടും ചോദ്യം ചെയ്യും. 

കഴിഞ്ഞ ദിവസം നാലു മണിക്കൂറോളം കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് കിട്ടിയ പണം സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദിച്ചത്. അത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന വിശദീകരണമാണ് കെ.എം ഷാജി നല്‍കിയത്. എന്നാല്‍, ഇതിന്‍റെ ഒറിജിനല്‍ രേഖകള്‍ ഷാജി ഹാജരാക്കിയിരുന്നില്ല. പണം പിരിക്കാനായി ഇറക്കിയ റസീപ്റ്റിന്‍റെ കൗണ്ടര്‍ ഫോയില്‍ യൂണിറ്റ് കമ്മിറ്റികളില്‍ നിന്ന് ശേഖരിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News