മീഡിയവൺ ബിസിനസ് കോൺക്ലേവ്; സ്റ്റാർട്ടപ്പ് പാർട്ണറായി കേരള സ്റ്റാർട്ടപ്പ് മിഷൻ
വാണിജ്യ വ്യാപാര മേഖലയെ കുറിച്ച വലിയ ചർച്ചകൾക്ക് ഒരു മാധ്യമസ്ഥാപനം നേതൃത്വം നൽകുമ്പോൾ അതിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു
തിരുവനന്തപുരം: ഒരു മാധ്യമ സ്ഥാപനം നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സംവാദ സംഗമ വേദിയായ മീഡിയവൺ ബിസിനസ് കോൺക്ലേവിന്റെ സ്റ്റാർട്ടപ്പ് പാർട്ണറായി സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ. സംസ്ഥാനത്തെ സംരംഭകരുടെ ആശ്രയകേന്ദ്രമാണ് കേരള സർക്കാരിന്റെ ഐടി വകുപ്പിന് കീഴിലുള്ള ഔദ്യോഗിക ഏജൻസിയായ സ്റ്റാർട്ടപ്പ് മിഷൻ. വാണിജ്യ വ്യാപാര മേഖലയെ കുറിച്ച വലിയ ചർച്ചകൾക്ക് ഒരു മാധ്യമസ്ഥാപനം നേതൃത്വം നൽകുമ്പോൾ അതിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്ന് സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. മാധ്യമ സ്ഥാപനങ്ങൾ നേരിട്ട് ബിസിനസ് സംഗമങ്ങൾ സംഘടിപിക്കുന്നതിനെ പ്രശംസിച്ചു. വാണിജ്യ മേഖലയിൽ യോജിച്ച സംരംഭങ്ങൾ പ്രതീക്ഷ പകരുമെന്നും സ്റ്റാർട്ടപ്പ് പങ്കാളിയാകാനുള്ള ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാനത്ത് നടന്ന ചർച്ചയിലായിരുന്നു സ്റ്റാർട്ടപ്പ് പങ്കാളിയാകാനുള്ള തീരുമാനം.
കേരളത്തിലെ നിലവിലുള്ള സംരംഭങ്ങൾ, നവസംരംഭകർ, വിദ്യാർഥികൾ എന്നിവരെ പിന്തുണച്ച് നൂതന ആശയങ്ങൾ വിജയകരമായ സംരംഭങ്ങളാക്കുകയാണ് സ്റ്റാർട്ടപ്പ് മിഷൻ. മീഡിയ വൺ സി.ഇ.ഒ. മുഷ്താഖ് അഹ്മദ്, ജനറൽ മാനേജർ പി.ബി.എം. ഫർമീസ്, മീഡിയ സൊലൂഷൻസ് ഹെഡ് ബിജോയ് ചന്ദ്രൻ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് മാനേജർ യു. ഷൈജു, മീഡിയ സൊലൂഷൻസ് ചീഫ് മാനേജർമാരായ ശ്രീകുമാർ വി, മുകേഷ് പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഫെബ്രുവരി എട്ടിന് കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിലാണ് മീഡിയ വൺ ബിസിനസ് കോൺക്ലേവ് നടക്കുക.സംരഭകർ, സിഎക്സ്ഓ, എംഎസ്എംഇ ലീഡർമാർ, ഇന്നോവേറ്റർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ബിസിനസ് കൺസൾട്ടന്റുമാർ, അക്കാദമിക് വിദഗ്ധർ, ബിസിനസ് പ്രൊഫഷണൽസ് തുടങ്ങി 1500-ത്തോളം പേർ കോൺക്ലേവിൽ പങ്കെടുക്കും. സംഗമത്തിൽ ബി2ബി കണക്ടിങ്ങിനും അവസരമുണ്ടാകും.
മൂന്ന് വേദികളിലായി വിവിധ വിഷയങ്ങളിൽ 15ലധികം സെഷനുകളാണ് നടക്കുക. ബിസിനസ് രംഗത്തെ പ്രമുഖരും അകാദമിക് വിദഗ്ദ്ധരടക്കം 50 ഓളം പേർ കോൺക്ലേവിൽ അതിഥികളായെത്തും. വിവിധ മേഖലകളിലെ ആശയവിനിമയങ്ങൾക്ക് പ്രത്യേക ഡസ്കുകളും പ്രവർത്തിക്കും.ബിസിനസ് രംഗത്തെ അതികായകരെ ആദരിക്കുന്ന മീഡിയവൺ ബിസിനസ് എക്സലൻസ് പുരസ്കാരം കോൺക്ലേവിൽ വിതരണം ചെയും.
കോൺക്ലേവിൽ പങ്കാളികളാകുന്നതിന് mbc.mediaoneonline.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.