തോരപ്പ മുഹമ്മദ്: വിചിത്ര വഴികളിൽ സഞ്ചരിച്ച ഭിഷഗ്വരൻ

മലപ്പുറത്തെ ഓർഗാനിക് ഇൻ്റെലക്ച്വൽ ആയ ബാപ്പ്വാക്ക മലപ്പുറത്തിൻ്റെ സമര-പോരാട്ട-മത-രാഷ്ട്രീയ ചരിത്രത്തിൻ്റെ ആധികാരിക റഫറൻസ് തന്നെ ആയിരുന്നു

Update: 2020-10-26 09:33 GMT
Advertising

മലപ്പുറത്തിൻ്റെ അടയാളമായി കുറിക്കപ്പെടുന്ന മനുഷ്യനാണ് ഇന്ന് അന്തരിച്ച, ബാപ്പ്വാക്ക എന്ന് നാട്ടുകാർ ആദരപൂർവം വിളിക്കുന്ന തോരപ്പ മുഹമ്മദ്. 1932ലാണ് ബാപ്പ്വാക്കയുടെ ജനനം. 1960 മുതൽ മലപ്പുറം കോട്ടപ്പടിയിൽ ഒറ്റ മുറിയിൽ അദ്ദേഹത്തിന്റെ ക്ലിനിക് പ്രവർത്തിച്ച് പോരുന്നു. ജനകീയനായ ഡോക്ടർ ആയ ബാപ്പ്വാക്ക എപ്പോഴും സാധാരക്കരോടൊപ്പം നിന്നാണ് തൻ്റെ വൈദ്യജീവിതം മുന്നോട്ട് കൊണ്ട് പോയത്. മരുന്ന് എന്നാൽ വളരെ നിർബന്ധിതമായാൽ മാത്രം കഴിക്കേണ്ട ഒന്നാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തെ സമീപിച്ചവരിൽ മരുന്ന് കിട്ടാതെ മടങ്ങിയവരായിരിക്കും മരുന്ന് കിട്ടിയവരെക്കാൾ കൂടുതൽ. ഹോമിയോയിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്നതിന് എതിരായിരുന്ന അദ്ദേഹത്തിന് അതിന് അദ്ദേഹത്തിൻ്റെതായ കാരണങ്ങൾ ഉണ്ടായിരുന്നു. ഒരു സമയം ഒരു മരുന്ന് എന്ന തത്വം പ്രായോഗികമാക്കിയ അദ്ദേഹം ഹോമിയോയിലെ ക്ലാസിക് ഹാനിമാൻ രീതിയിൽ നിന്ന് ഒട്ടും വ്യതിചലിക്കരുതെന്ന നിഷ്കർഷ ഉണ്ടായിരുന്നു. തപാൽ വഴിയും ഇന്റർനെറ്റ് വന്ന ശേഷം അതുവഴിയും യൂറോപ്പിലടക്കമുള്ള വിദേശികൾക്കും അദ്ദേഹം ചികിൽസ നടത്തി. 'Returning to Hahnemann' എന്ന പേരിൽ ഒരു പുസ്തകവുമെഴുതിയിട്ടുണ്ട് അദ്ദേഹം. ഹോമിയോയുടെ സ്ഥാപകനായ ഹാനിമൻ ആയിരുന്നു അദ്ദേഹത്തിന്റെ റോൾ മോഡൽ. ഒരുപാട് മാറാരോഗങ്ങൾ ചികിത്സിച്ചു മാറ്റിയ ബാപ്പ്വാക്ക ഹോമിയോയിലെ ക്ലാസിക് രീതി പിന്തുടർന്നു. ഹോമിയോ ശാസ്ത്രീയമെന്ന് പറയുന്നതിനോട് വിയോജിച്ച അദ്ദേഹം, ഹോമിയോ ഒരു കലയാണ് എന്നാണ് പറഞ്ഞിരുന്നത്.

ജൈവ മനുഷ്യൻ എന്ന പേരിൽ മാധ്യമം ആഴ്ചപ്പതിപ്പ് 2009ൽ സീരീസ് ചെയ്തപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഇബ്രാഹിം കോട്ടക്കൽ വിശദമായ ഫീച്ചർ എഴുതിയിരുന്നു. മലപ്പുറത്തെ ഓർഗാനിക് ഇൻ്റെലക്ച്വൽ ആയ ബാപ്പ്വാക്ക മലപ്പുറത്തിൻ്റെ സമര-പോരാട്ട-മത-രാഷ്ട്രീയ ചരിത്രത്തിൻ്റെ ആധികാരിക റഫറൻസ് തന്നെ ആയിരുന്നു. മികച്ച വായനക്കാരനും വലിയ ഗ്രന്ഥശേഖരത്തിനുടമയുമായ ബാപ്പ്വാക്ക സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെ പുതിയ പ്രവണതകളെ നിരന്തരം വിലയിരുത്തിയിരുന്നു. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന യുവതലമുറയെ ബഹുമാനത്തോടെയും വാത്സല്യത്തോടെയും കണ്ടു. ചരിത്രം, തത്വചിന്ത, വൈദ്യം, ലിംഗ്വിസ്റ്റിക്സ്, ശാസ്ത്രം തുടങ്ങിയവയിൽ ആഴത്തിലുള്ള വായനയും ചിന്തയുമുണ്ടായിരുന്ന ബാപ്പോക്ക ഇംഗ്ലിഷ്, ചൈനീസ്, മലയ, തമിഴ് ഭാഷകളിൽ പഠനം നടത്തി. റോളണ്ട് മില്ലറക്കമുള്ള മാപ്പിള മുസ്ലിം ചരിത്രകാരന്മാരോട് വ്യക്തിബന്ധവും അടുപ്പവും ഉണ്ടായിരുന്നു. എല്ലാ പ്രബല സാമൂഹിക വീക്ഷണങ്ങളുടെയും നിത്യവിമർശകനായ ബാപ്പോക്ക മതം, യുക്തിവാദം, സോഷ്യലിസം, പരിസ്ഥിതിവാദം, മാർക്സിസം തുടങ്ങിയ മേഖലകളിലെ ഡോഗ്മകളെ എന്നും തുറന്നു കാട്ടി. മുസ്ലിം സാമൂദായികവാദത്തിൻ്റെ ഉത്തമ താൽപര്യത്തോട് മാത്രമാണ് അദ്ദേഹം ചിലപ്പോഴെങ്കിലും രാജിയാവുന്നത് കണ്ടിട്ടുള്ളത്.

വിവിധ ഖുർആൻ പരിഭാഷകൾ, വ്യാഖ്യാനങ്ങൾ മുതൽ അലോപ്പതിയിലെയും ആയുർവേദത്തിലെയും ഹോമിയോയിലെയും പ്രധാന ഗ്രന്ഥങ്ങളൊക്കെയും വായിക്കുകയും സ്വന്തമാക്കുകയും ചെയ്തിരുന്നു. സാഹിത്യത്തിലെയും കലയിലെയും സവർണ ഭാവുകത്വത്തോടും അധികാരത്തോടും കലഹിച്ച അദ്ദേഹം ബഹുജൻ - ദലിത് ചലനങ്ങളെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. കുട്ടികളോട് അൽഭുതകരമായ വാൽസല്യമായിരുന്നു ബാപ്പ്വാക്കാക്ക്.

ഫുട്ബോൾ സംഘാടകനായ ബാപ്പ്വാക്ക അന്താരാഷ്ട്ര വേദിയായ ഫിഫ മുതൽ പ്രാദേശിക സെവൻസ് രംഗത്ത് വരെ നിറഞ്ഞുനിന്നു. മലപ്പുറം ജില്ലാ രൂപീകരണം മുതൽ 1978 വരെ ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറിയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മികച്ച ടീമായിരുന്ന സോക്കർ ക്ലബിന്റെ സെക്രട്ടറിയായിരുന്നു 1990 വരെ അദ്ദേഹം.

മലപ്പുറത്തിന്റെ സാംസ്കാരിക, കലാ, കായിക, ചികിത്സാ മേഖലയിലെ അസാധാരണ സാന്നിധ്യമായിരുന്ന മനുഷ്യനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

(ഹോമിയോ ചികിത്സയിൽ തന്റെതായ വഴികൾ വെട്ടിത്തെളിച്ച, ചരിത്രകാരനും ഫുട്ബോൾ സംഘാടകനുമായ തോരപ്പ മുഹമ്മദിനെ അനുസ്മരിക്കുകയാണ് ഗായകനും സംഗീതജ്ഞനുമായ സമീര്‍ ബിന്‍സി)

Tags:    

Similar News