ആജീവനാന്തം സൗജന്യ വിമാന യാത്ര, ഇന്ധനം: ഫിലിപ്പീൻസിലെ ആദ്യ സ്വർണ മെഡൽ ജേതാവിന് സമ്മാനപ്പെരുമഴ

55 കിലോ വിഭാഗത്തിൽ നടന്ന വനിതകളുടെ ഭാരോദ്വഹനത്തിലാണ് ദയാസ് ആദ്യമായി ഫിലിപ്പീൻസിനായി സ്വർണം നേടിക്കൊടുത്തത്.

Update: 2021-07-27 13:58 GMT
Editor : rishad | By : Web Desk

ടോകിയോ ഒളിമ്പിക്‌സിൽ ഫിലിപ്പീൻസിനായി സ്വർണം നേടിയതിന് പിന്നാലെ ഹിദിൽയൻ ദയാസിന് സമ്മാനപ്പെരുമഴ. 55 കിലോ വിഭാഗത്തിൽ നടന്ന വനിതകളുടെ ഭാരോദ്വഹനത്തിലാണ് ദയാസ് ആദ്യമായി ഫിലിപ്പീൻസിനായി സ്വർണം നേടിക്കൊടുത്തത്. ആജീവനാന്തം സൗജന്യ വിമാനയാത്രയാണ് എയർ ഏഷ്യയുടെ ഓഫർ. പുറമെ ഫിലിപ്പീന്‍സ് സർക്കാറും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 

എയർ ഏഷ്യയുടെ എഷ്യ, ആസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ്, യുഎസ് ഫ്‌ളൈറ്റുകളിലാണ് സൗജന്യ വിമാന യാത്ര വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫിലിപ്പീൻ ജനതക്ക് പ്രചോദനമാണ് ദയസിന്റെ നേട്ടമെന്ന് എയർ ഏഷ്യ സിഇഒ റിക്കി ഇസ്ല പറഞ്ഞു.  ഫോണിക്‌സ് പെട്രോളിയമാണ് സൗജന്യ ഇന്ധനം വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയത്. പുറമെ 5മില്യൺ പെസോ(ഏകദേശം 74 ലക്ഷം)യും കമ്പനി വാഗാദാനം ചെയ്തു.

Advertising
Advertising

ഫിലിപ്പീനോ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും ഭാവിയിൽ മറ്റു കായിക താരങ്ങൾക്കിത് പ്രചോദനാമാണെന്നും ഫോണിക്‌സ് പെട്രോളിയം മേധാവി ഡെന്നിസ് പറഞ്ഞു. ഫോണിക്‌സിന്റെ തന്നെ കായിക സംരംഭം വഴിയാണ് സമ്മാനങ്ങൾ നൽകുന്നത്. ഒളിമ്പിക്‌സ് അടക്കമുള്ള ലോകോത്തര കായിക മത്സരങ്ങളിലേക്ക് ഫിലിപ്പീൻ ജനതയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫോണെക്‌സ് തങ്ങളുടെ കായിക സംരംഭത്തിന് തുടക്കമിട്ടത്.

ഒളിമ്പിക്‌സ് റെക്കോർഡോടെയായിരുന്നു ദയസിന്റെ സ്വർണ നേട്ടം. ആകെ 224 കിലോയാണ് താരം ഉയർത്തിയത്. 1924 മുതൽ ഒളിമ്പിക്‌സിൽ മത്സരിക്കുന്ന രാജ്യമാണ് ഫിലിപ്പീൻസ്. എന്നാൽ അവർക്ക് സ്വർണം നേടാൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു. ചൈനയുടെ ലോക റെക്കോർഡ് ജേതാവ് ലിയാവോ ക്വുയിനെ അട്ടിമറിച്ചായിരുന്നു ദയാസിന്റെ സുവർണനേട്ടം. നേരത്തെ, റിയോ ഒളിമ്പിക്സിൽ ദയാസ് വെള്ളി മെഡൽ നേടിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News