അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തി; ഗോപിനാഥ് കലാപക്കൊടി താഴ്ത്തി
ഉമ്മൻചാണ്ടിയുമായുള്ള ചർച്ചയിൽ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുമെന്നും എ വി ഗോപിനാഥ്
പാലക്കാട്ടെ ഇടഞ്ഞു നില്‍ക്കുന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് ഉമ്മൻചാണ്ടി. അർധരാത്രിയിലാണ് ഉമ്മൻചാണ്ടി പെരിങ്ങോട്ടുകുർശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തിയത്. ഉമ്മൻചാണ്ടിയുമായുള്ള ചർച്ചയിൽ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകുമെന്നും എ വി ഗോപിനാഥ് പറഞ്ഞു.
ഇന്നലെ രാത്രി 12 മണിക്കാണ് ഉമ്മൻചാണ്ടി പെരുങ്ങോട്ടു കുറുശിയിലെ എ വി ഗോപിനാഥിന്റെ വീട്ടിലെത്തിയത്. പുതുപ്പള്ളിയിലെ ഇന്നലത്തെ തെരത്തെടുപ്പ് പരിപാടികൾ കഴിഞ്ഞാണ് ഉമ്മൻചാണ്ടി പാലക്കാട് വന്നത്. വെറും 15 മിനുട്ട് നേരത്തെ ചർച്ചയിൽ എല്ലാം ശരിയായി. പ്രാദേശികമായി ജനപിന്തുണയുള്ള ഗോപിനാഥ് ഇടഞ്ഞു നിന്നാൽ തെരത്തെടുപ്പിൽ തിരിച്ചടിയാകുമെന്ന് അറിയുന്നതിനാലാണ് പാതിരാത്രിയിൽ ഉമ്മൻചാണ്ടി ചർച്ചക്കായി എത്തിയത്.
രണ്ടാഴ്ചയായി കെപിസിസിക്ക് തന്നെ തലവേദനയായി മാറിയിരുന്ന എ വി ഗോപിനാഥ് കലാപക്കൊടി താഴ്ത്തി. ഉമ്മൻചാണ്ടി നൽകിയ ഉറപ്പിൽ മഞ്ഞുരുകി. ഉമ്മൻചാണ്ടി എത്തുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗോപിനാഥിനെ ഫോണിൽ വിളിച്ചിരുന്നു. അതിനാൽ കോൺഗ്രസിൽ തന്നെ തുടരും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് എ വി ഗോപിനാഥ് പറഞ്ഞു. സംഘടനാതലത്തിൽ ഉന്നത പദവികൾ നൽകാമെന്ന് ഉമ്മൻചാണ്ടി ഉറപ്പ് കൊടുത്തതായാണ് സൂചന.