ധര്‍മ്മടത്ത് പിണറായിക്കെതിരെ രഘുനാഥോ? കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് ഡി.സി.സി സെക്രട്ടറിയെ
കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയാണ് സി രഘുനാഥ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് സി.രഘുനാഥ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും. നേരത്തെ ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മക്ക് യു.ഡി.എഫ് പിന്തുണ നൽകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ, കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവർ വിസമ്മതിച്ചതോടെ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ഥിക്കായി ശ്രമം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണ്ണൂര്‍ ഡി.സി.സി സെക്രട്ടറിയാണ് സി രഘുനാഥ്. രഘുനാഥിനെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പിണറായിക്കെതിരെ മത്സരിക്കാനുളള സന്നദ്ധത രഘുനാഥ് നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ തവണ പിണറായിക്കെതിരെ മത്സരിച്ച മമ്പറം ദിവാകരന്‍ ഇക്കുറി ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സഖ്യകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി ദേവരാജനെയും പിന്നീട് ധര്‍മ്മടത്ത് പരിഗണിച്ചിരുന്നു. എന്നാല്‍ ധര്‍മ്മടം വേണ്ടെന്നായിരുന്നു ദേവരാജന്‍റെ നിലപാട്. എന്നാല്‍ പിണറായിയുടെ എതിര്‍സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ ഇതുവരെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.