കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Update: 2021-01-03 17:10 GMT

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ചലച്ചിത്ര ലോകത്ത് അപ്രതീക്ഷിത ഞെട്ടലുണ്ടാക്കിയാണ് അനില്‍ പനച്ചൂരാന്‍റെ മടക്കം. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു.

Advertising
Advertising

ഇന്നലെ രാത്രി എട്ടരയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 51 വയസായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജന്മനാടായ കായംകുളത്തായിരിക്കും സംസ്കാര ചടങ്ങുകള്‍.

ലാൽജോസ് ചിത്രം അറബിക്കഥയിലെ ‘ചോര വീണ മണ്ണിൽ’, ‘തിരിക ഞാൻ വരുമെന്ന വാർത്ത’ എന്നീ പാട്ടുകള്‍ ഏറെ പ്രസിദ്ധമാണ്. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ’ എന്ന ഗാനവും ഹിറ്റായി. ഭ്രമരം, സീനിയേഴ്സ്, മാടമ്പി, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, ബോഡിഗാർഡ്, അർജുനൻ സാക്ഷി, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല് തുടങ്ങിയ സിനിമകളിലും ഗാനരചന നിർവഹിച്ചു.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകൾ ഏറെ പ്രശസ്തമാണ്. ഓഡിയോ രൂപത്തിലിറങ്ങിയ അദ്ദേഹത്തിന്റെ കവിതകൾ ഏറെ ജനപ്രിയമാണ്.

Tags:    

Similar News