4400 കോടി രൂപ ആസ്തിയുള്ള റിഹാനയ്ക്ക് എന്തിനാണ് ആ പതിനെട്ടു കോടി?

റിഹാനയെ പോലുള്ള ഒരു ശതകോടീശ്വരിക്ക് ഈ തുക ആവശ്യമുണ്ടോ എന്നതാണ് ന്യായമായ ചോദ്യം

Update: 2021-02-05 10:47 GMT
Advertising

കർഷകർക്ക് പിന്തുണയറിയിച്ചു കൊണ്ടുള്ള ഒരൊറ്റ ട്വീറ്റിൽ ഇന്ത്യൻ ഭരണകൂടത്തെ മുഴുവൻ പിടിച്ചു കുലുക്കിയിരിക്കുകയാണ് റിഹാന എന്ന യുഎസ് പോപ് ഗായിക. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ട്വീറ്റിന് പിന്നാലെ റിഹാനയ്‌ക്കെതിരെ തീവ്രവലതു പക്ഷം കടുത്ത രീതിയിലുള്ള സൈബർ ആക്രമണമാണ് അഴിച്ചുവിടുന്നത്. റിഹാന പണം വാങ്ങിയാണ് ട്വിറ്ററിൽ കുറിപ്പിട്ടത് എന്നാണ് പ്രധാന വിമർശം. സംഘ്പരിവാറിനോട് ചേർന്നു നിൽക്കുന്ന ബോളിവുഡ് നടി കങ്കണ റണൗട്ട് അടക്കമുള്ളവർ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കിട്ടിയത് 18 കോടി?

കനഡ ആസ്ഥാനമായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പിജെഎഫ്) എന്ന സംഘടന കർഷക സമരത്തിനെതിരെ ട്വീറ്റിടാനായി റിഹാനയ്ക്ക് 2.5 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 18 കോടി ഇന്ത്യൻ രൂപ) നൽകിയെന്ന് സംഘ് പരിവാർ ആരോപിക്കുന്നു. ഖലിസ്ഥാൻ അനുഭാവിയായ മോ ധലിവാൾ ഡയറക്ടറായ പിആർ കമ്പനി സ്‌കൈ റോക്കറ്റ് ആണ് ഇതിനായി പോപ് ഗായികയെ സമീപിച്ചത് എന്നും ഇവർ പറയുന്നു.

റിഹാനയ്ക്ക് പുറമേ, ഗ്രെറ്റ തൻബർഗിനും ഇതേ കമ്പനി തന്നെ 'വിവരങ്ങൾ' നൽകിയത്. ഇന്ത്യയിൽ അനൈക്യം സൃഷ്ടിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ട്വീറ്റുകൾക്കായി പണം ചെലവഴിച്ചത്- എന്നിങ്ങനെ പോകുന്നു ആരോപണങ്ങൾ.

അപ്പോൾ റിഹാനയുടെ ആസ്തിയെത്ര?

റിഹാനയെ പോലുള്ള ഒരു ശതകോടീശ്വരിക്ക് ഈ തുക ആവശ്യമുണ്ടോ എന്നതാണ് ന്യായമായ ചോദ്യം. അവരുടെ ആസ്തി കേട്ടാലും ഞെട്ടും. ഫോബ്‌സിന്റെ കണക്കു പ്രകാരം 600 ദശലക്ഷം ഡോളറാണ് (ഏകദേശം 4,400 കോടി രൂപ) റിഹാനയുടെ മൊത്തം സമ്പത്ത്.

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിതാ സംഗീതജ്ഞയാണ് റിഹാന. 16-ാം വയസ്സിൽ സംഗീത മേഖലയിലേക്ക് കടന്നു വന്ന ഇവർ സ്വപ്രയത്‌നത്തിലൂടെയാണ് അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചത്.

ദ ഫെന്റി ബ്യൂട്ടി എന്ന പേരിലുള്ള കോസ്‌മെറ്റിക് ബ്രാൻഡിന്റെ ഉടമ കൂടിയാണ് ഇവർ. 2018ൽ മാത്രം 57 കോടി ഡോളറാണ് കമ്പനിയുടെ വരുമാനം. ആരംഭിച്ച് 15 മാസങ്ങൾക്കകമാണ് കമ്പനി ഇത്രയും വരുമാനം നേടിയത്. 2019ൽ ഫെന്റി ബ്യൂട്ടി 600 മില്യൺ യുഎസ് ഡോളറിന്റെ വിൽപ്പന കൈവരിക്കുമെന്നാണ് കണക്കുകൾ. ബ്രാൻഡിൽ 49.99 ശതമാനം ഓഹരിയാണ് നിലവിൽ ഗായികയ്ക്ക് ഉള്ളത്.

റിഹാന ഒരു 'റിപ്പബ്ലിക്കാണ്'!

10.1 കോടി പേർ പിന്തുടരുന്ന സെലിബ്രിറ്റിയാണ് റിഹാന. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലും ട്വിറ്ററിൽ പിന്തുടരുന്നത് ആറരക്കോടി പേരാണ്. റിഹാനയുടെ ട്വീറ്റിന് പിന്നാലെ കേന്ദ്രസർക്കാർ അനുകൂല പോസ്റ്റിട്ട സചിൻ ടെണ്ടുൽക്കറെ പോലും പിന്തുടരുന്നത് വെറും മൂന്നരക്കോടി ആളുകളും.

ബറാക് ഒബാമ, ജസ്റ്റിൻ ബീബർ, കാറ്റി പെറി എന്നിവർ മാത്രമാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ റിഹാനയ്ക്ക് മുമ്പിലുള്ളത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലേഡി ഗാഗ, ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരെല്ലാം ഇവർക്കു പിറകിലാണ്. അതു കൊണ്ടു തന്നെയാണ് റിഹാന ഒരു സ്വയം റിപ്പബ്ലിക്കാണ് എന്നു പറയുന്നത്. അന്താരാഷ്ട്ര തലത്തിൽ അവർക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഭരണകൂടത്തെ ചൊടിപ്പിക്കുന്നതും.

Tags:    

Similar News