ഗോള്‍ അനുവദിച്ചില്ല; ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞ് റൊണാൾഡോ

രാജ്യത്തിന്റെ മുഴുവൻ വികാരത്തെയും മുറിവേൽപ്പിച്ചതിനെ തുടർന്നാണ് സെർബിയക്കെതിരായ മത്സരത്തിനിടയിൽ പ്രതിഷേധസൂചകമായി ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞതെന്ന് പോർച്ചുഗീസ് നായകൻ പിന്നീട് പ്രതികരിച്ചു

Update: 2021-03-28 09:58 GMT
Advertising

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിനായി അവസാന നിമിഷം നേടിയ വിജയഗോൾ റഫറി അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ ഷോട്ട് ഗോൾലൈൻ കടന്നിട്ടും അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തിൽ പരസ്യമായി പ്രതിഷേധിച്ച റൊണാൾഡോ, ക്യാപ്റ്റന്റെ ആംബാൻഡ് ഊരിയെറിഞ്ഞ് ഫൈനൽ വിസിൽ മുഴങ്ങും മുൻപേ ഗ്രൗണ്ട് വിട്ടു. ഗോളിനായി വാദിച്ച് പ്രതിഷേധിച്ച റൊണാൾഡോക്ക് റഫറി മഞ്ഞക്കാർഡും നൽകി. ഈ ഗോൾ അനുവദിക്കാതിരുന്നതോടെ പോർച്ചുഗലും സെർബിയയും 2–2 സമനിലയിൽ പിരിഞ്ഞു.

രാജ്യത്തിന്റെ മുഴുവൻ വികാരത്തെയും മുറിവേൽപ്പിച്ചതിനെ തുടർന്നാണ് സെർബിയക്കെതിരായ മത്സരത്തിനിടയിൽ പ്രതിഷേധസൂചകമായി ക്യാപ്റ്റൻ ആംബാൻഡ്‌ വലിച്ചെറിഞ്ഞതെന്ന് പോർച്ചുഗീസ് നായകൻ പിന്നീട് പ്രതികരിച്ചു.

Full View

ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിലാണ് നാടകീയ പോരാട്ടം അരങ്ങേറിയത്. ലിവർപൂൾ താരം ഡീഗോ ജോട്ട നേടിയ ഇരട്ട ഹെഡർ ഗോളുകളിൽ (11, 36) ലീഡെടുത്തത് പോർച്ചുഗലായിരുന്നു. എന്നാൽ, അലക്സാണ്ടർ മിട്രോവിച്ച് (46), ഫിലിപ് കോസ്റ്റിച് (60) എന്നിവരുടെ ഗോളുകളിൽ സെർബിയ ഒപ്പമെത്തി.

ഇതിനിടെയാണ് സമനില ഉറപ്പിച്ച മത്സരത്തിൽ ഇൻജറി ടൈമിന്റെയും അവസാന മിനിറ്റിൽ റൊണാൾഡോ ലക്ഷ്യം കണ്ടത്. സെർബിയ ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് ഗോൾകീപ്പറെ കബളിപ്പിച്ച് റൊണാൾഡോ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സെർബിയൻ താരം പന്ത് പുറത്തേക്കടിച്ചെങ്കിലും, അതിനു മുൻപേ പന്ത് ഗോൾവര കടന്നിരുന്നു.

ഗോളാണെന്ന ധാരണയിൽ റൊണാൾഡോ ആഘോഷത്തിലേക്ക് കടന്നെങ്കിലും സൈഡ് റഫറിയുമായി ആലോചിച്ച് ഡച്ച് റഫറി ഡാനി മക്കലി ഗോൾ നിഷേധിച്ചു. ടിവി റീപ്ലെകളിൽ റൊണാൾഡോയുടെ ഷോട്ട് ഗോളാണെന്നു വ്യക്തമായിരിക്കെയാണ് അസിസ്റ്റന്റ് റഫറി തെറ്റായ തീരുമാനമെടുത്തത്. മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയും അദ്ദേഹം തന്റെ പ്രതിഷേധം പരസ്യമാക്കി.

"പോർച്ചുഗലിന്റെ നായകനായിരിക്കുകയെന്നത് എന്നെ സംബന്ധിച്ച് മഹത്തായ കാര്യവും അഭിമാനവുമാണ്. ഞാനെന്റെ കഴിവിന്റെ പരമാവധി എല്ലായ്‌പോഴും രാജ്യത്തിന് വേണ്ടി നൽകും, അതിലൊരിക്കലും മാറ്റമുണ്ടാകില്ല," താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

"എന്നാൽ മുഴുവൻ രാജ്യത്തെയും ദ്രോഹിച്ചെന്ന് തോന്നുമ്പോൾ ചില കാര്യങ്ങളെ നമുക്ക് വേണ്ടതു പോലെ കൈകാര്യം ചെയ്യാനാവില്ല. എങ്കിലും തലയുയർത്തിപ്പിടിച്ച് അടുത്ത വെല്ലുവിളിയെ നേരിടുക. കം ഓൺ പോർച്ചുഗൽ."

റൊണാൾഡോയുടെ വികാരപ്രകടനം ന്യായമാണെന്നാണ് മത്സരത്തിന് ശേഷം പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസും പറഞ്ഞത്. വിജയഗോൾ നേടിയത് അനുവദിക്കപ്പെട്ടില്ലെങ്കിൽ ഇതുപോലെ തന്നെയാവും താരങ്ങൾ പ്രതികരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News