അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ ; മലയാളി താരം ആരോൺ ജോർജിന് സെഞ്ച്വറി

Update: 2026-02-04 15:58 GMT

ഹരാരെ : അണ്ടർ 19 ലോകകപ്പിൽ അഫ്‌ഗാനിസ്താനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. അഫ്‌ഗാൻ ഉയർത്തിയ 310 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 41.1 ഓവറിൽ ലക്ഷ്യം മറികടന്നു. ഇന്ത്യക്കായി മലയാളി താരം ആരോൺ ജോർജ് സെഞ്ച്വറി നേടി. 104 പന്തിൽ 15 ഫോറും 2 സിക്‌സും ഉൾപ്പടെ 115 റൺസാണ് ആരോൺ നേടിയത്. ഇന്ത്യൻ നിരയിൽ നായകൻ ആയുഷ് മാത്രേ, വൈഭവ് സൂര്യവൻഷി എന്നിവർ അർധ സെഞ്ച്വറിയുമായി തിളങ്ങി. ഫൈസൽ ഖാൻ, ഉസൈറുല്ലാഹ് നിയാസി എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് അഫ്‌ഗാൻ 310 എന്ന ടോട്ടൽ പടുത്തുയർത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഓപണർ ഉസ്മാൻ സാദത്ത്, ഖാലിദ് അഹമ്മദ്സായി എന്നിവർ മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 12.2 ഓവറിൽ 53 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്. പിന്നാലെ ഇറങ്ങിയ ഫൈസൽ ഖാൻ, ഉസൈറുല്ലാഹ് നിയാസി സഖ്യമാണ് അഫ്ഗാൻ സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചത്. ഇരുവരും മൂന്നക്കം കടന്നതോടെ അഫ്ഗാൻ സ്‌കോർ മുന്നൂറ് പിന്നിട്ടു. ഇന്ത്യക്കായി കൻഷിക്ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertising
Advertising

മറുപടി ബാറ്റിങ്ങിൽ സ്ഥിരം ഓപ്പണിങ് കൂട്ടുകെട്ടായിരുന്നില്ല ഇന്ത്യക്കായി കളത്തിലിറങ്ങിയത്. നായകൻ ആയുഷ് മാത്രേ വൺ ഡൗണിലേക്ക് മാറിയപ്പോൾ മലയാളി താരം ആരോൺ ജോർജ് വൈഭവ് സൂര്യവൻഷിക്കൊപ്പം ഇറങ്ങി. ഇരുവരും പതിയെ സ്‌കോർ ബോർഡ് ചലിപ്പിച്ചു. 33 പന്തിൽ 9 ഫോറും 4 സിക്‌സും അടക്കം 68 റൺസ് നേടി വൈഭവ് മടങ്ങുമ്പോൾ 9.3 ഓവറിൽ 90 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ നായകൻ ആയുഷ് മാത്രേക്കൊപ്പം ചേർന്ന് ആരോൺ പതിയെ ഗിയർ മാറ്റി. അർധ സെഞ്ച്വറിയുമായി ആയുഷ് മാത്രെയും മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് മുന്നേറി.

ഫെബ്രുവരി 6 വെള്ളിയാഴ്‌ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ ആസ്ട്രേലിയയെ 27 റൺസിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കലാശപ്പോരിന് ടിക്കറ്റെടുക്കുന്നത്.   

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News