ശബരിമലയില്‍ ചുറ്റിത്തിരിഞ്ഞ് പ്രചാരണം: കടന്നാക്രമിച്ച് യുഡിഎഫ്, ഒഴിഞ്ഞുമാറി എല്‍ഡിഎഫ്

ശബരിമല വിഷയത്തില്‍ മുന്‍പ് പറഞ്ഞ നിലപാടുകള്‍ തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

Update: 2021-03-18 07:30 GMT

നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീപ്രവേശനം സജീവ ചർച്ചയാക്കി പ്രതിപക്ഷം. മുന്‍പ് പറഞ്ഞ നിലപാടുകള്‍ തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന വെല്ലുവിളിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടേത് അഴകൊഴമ്പന്‍ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. എന്നാല്‍ സുപ്രീംകോടതി വിധി വരുമ്പോഴാണ് വിഷയം ചര്‍ച്ചയാക്കേണ്ടത് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ശബരിമല ചര്‍ച്ചയാക്കാതെ വഴിമാറി നടക്കാനാണ് എല്‍ഡിഎഫ് ശ്രമം. സുപ്രീംകോടതി വിധി വരുമ്പോള്‍ എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പ്രതിപക്ഷത്തിന് മറുപടി പറയുമ്പോള്‍ ക്ഷേത്രങ്ങള്‍ക്കായി എല്‍ഡിഎഫ് ഭരണകാലത്ത് ചെയ്തത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എണ്ണിപറഞ്ഞു.

Advertising
Advertising

മറുഭാഗത്ത് പ്രതിപക്ഷമാകട്ടെ ശബരിമല വിഷയമാണ് അവരുടെ പ്രചാരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി മുന്നോട്ട് വെയ്ക്കുന്നത്. ഓരോ ദിവസവും എല്‍ഡിഎഫിനെ വെല്ലുവിളിക്കുകയാണ് യുഡിഎഫ് നേതാക്കള്‍. വിശ്വാസികളുടെ മുറിവിൽ മുളക് തേക്കുകയാണ് സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ നിലപാട് തെറ്റിപ്പോയി എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? നവോത്ഥാന നായകന്റെ കപട വേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Full View

തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുമെന്ന ഭയമാണ് എല്‍ഡിഎഫിനെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. കോൺഗ്രസ് എടുത്ത നിലപാടിൽ ഇതുവരെ വെള്ളം ചേർത്തിട്ടില്ല. ശബരിമല വിഷയത്തിൽ നിലപാട് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബിജെപിയും ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കി കഴിഞ്ഞു.

Full View
Tags:    

Similar News