കോവിഡ് പ്രതിസന്ധി: മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് വാടകയിളവ് പ്രഖ്യാപിച്ച് സൗദി
രാജ്യത്തെ നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സാമ്പത്തിക പ്രത്യാഘതങ്ങള്‍ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി
കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി സൗദിയിലെ മുനിസിപ്പാലിറ്റി സ്ഥാപനങ്ങള്‍ക്ക് വാടകയിളവ് പ്രഖ്യാപിച്ചു. വാടകയിനത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തിന്റെ ഇളവാണ് ലഭിക്കുക. ഇത് സംബന്ധിച്ച് ഉത്തരവിന് സൗദി ഭരണാധികാരിയും കീരീടാവകാശിയും അനുമതി നല്‍കി.
കോവിഡിനെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്തെ മുനിസിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ വാടയിനത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. നിലവിലെ തുകയുടെ 25 ശതമാനം ഇളവാണ് അനുവദിച്ചത്. ഈ വര്‍ഷത്തെ വാടകയിനത്തിലാണ് ഇളവുകള്‍ ലഭിക്കുക. ഇളവ് ലഭ്യമാക്കിയുള്ള പദ്ധതിക്ക് ഭരണാധികാരി സല്‍മാന്‍ രാജാവും കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അനുമതി നല്‍കി.
രാജ്യത്തെ നിക്ഷേപകരെ സംരക്ഷിക്കുന്നതിനും സാമ്പത്തിക പ്രത്യാഘതങ്ങള്‍ കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ഹൊഗയിലി പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നല്‍കിയ ഇരു രാഷ്ട്ര നേതാക്കള്‍ക്കും മന്ത്രി നന്ദി പറഞ്ഞു.
അന്‍പതിനായിരത്തിലധികം കെട്ടിടങ്ങളും സൗകര്യങ്ങളുമാണ് മുനിസിപ്പല്‍ മന്ത്രാലയത്തിന് കീഴില്‍ ഉള്ളത്. പുതിയ ഇളവ് ലഭ്യമാക്കുന്നതോടെ 151.9 മില്യണ്‍ ഡോളറിന്റെ കുറവാണ് ഈ രംഗത്തുള്ള നിക്ഷേപകര്‍ക്ക് ലാഭ്യമാകുകയെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. പദ്ധതി സ്വദേശികളും വിദേശികളുമായ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സാമ്പത്തിക മേഖലക്ക് കരുത്തു പകരുന്നതിനും സഹായകമാകുമെന്നാണ് കണക്ക് കൂട്ടല്‍.