ശോഭാ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് കെ സുരേന്ദ്രന്‍
കെ മുരളീധരന്‍റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണെന്ന് കെ സുരേന്ദ്രന്‍
ശോഭാ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ മുരളീധരന്‍റെ നേമത്തെ സ്ഥാനാർഥിത്വം ആത്മഹത്യാപരമാണ്. നേമത്ത് മത്സരിക്കാനെത്തുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. തർക്കവും പ്രതിഷേധവുമുള്ള സീറ്റുകളിൽ ഉടൻ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
"ശോഭ സുരേന്ദ്രനോട് മത്സരിക്കണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. പക്ഷേ അവര്‍ അസൌകര്യം അറിയിക്കുകയായിരുന്നു. ഡല്‍ഹിയില്‍ പോവുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വരുന്നത്"- കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ബിജെപി ഇന്നലെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നലെ പുറത്തുവിട്ട പട്ടികയില്‍ ശോഭ സുരേന്ദ്രന്‍റെ പേര് പേരുണ്ടായിരുന്നില്ല. സുരേന്ദ്രന്‍റെ പേര് രണ്ട് മണ്ഡലങ്ങളിലുണ്ടായിരുന്നു- മഞ്ചേശ്വരത്തും കോന്നിയിലും. ബിജെപിയിലെ മുതിർന്ന നേതാക്കള്‍ക്ക് പോലും കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചതെന്നും രണ്ട് സീറ്റിലും സുരേന്ദ്രന്‍ വിജയക്കട്ടെയെന്നും ശോഭ സുരേന്ദ്രന്‍ ആശംസിച്ചു. തന്‍റെ പേര് എങ്ങനെ ഒഴിവായെന്ന് അറിയില്ലെന്നും ശോഭ സുരേന്ദ്രന്‍ പറയുകയുണ്ടായി.
ഇ ശ്രീധരന്‍ പാലക്കാടാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരന്‍ നേമത്തും സുരേഷ് ഗോപി തൃശൂരിലുമാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്‍ കൃഷ്ണകുമാറാണ് സ്ഥാനാര്‍ഥി. അല്‍ഫോന്‍സ് കണ്ണന്താനം- കാഞ്ഞിരപ്പള്ളി, പി കെ കൃഷ്ണദാസ് കാട്ടക്കട, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുല്‍ സലാം- തിരൂര്‍, മുന്‍ ഡിജിപി ജേക്കബ് തോമസ്- ഇരിങ്ങാലക്കുട, സി കെ പത്മനാഭന്‍- ധര്‍മടം. കഴക്കൂട്ടത്ത് തീരുമാനമായിട്ടില്ലെന്നും കോൺഗ്രസിലെ പലരും ബിജെപിയിലേക്ക് വരുമെന്നും മന്ത്രി വി മുരളീധരന്‍ ഇന്നലെ പ്രതികരിക്കുകയുണ്ടായി.
മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച മണിക്കുട്ടന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. തിരുവല്ലയിലെ തർക്കത്തിന് പിന്നാലെ പിന്മാറാന്‍ സ്ഥാനാര്‍ഥി അശോകൻ കുളനട തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പരസ്യ പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്നാണ് തീരുമാനം.