ഇടക്കാല ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും

കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്‍റെ സുരക്ഷയിലാണ് കാപ്പന്‍റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും

Update: 2021-02-16 01:29 GMT

അഞ്ച് ദിവസത്തേക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഇന്ന് ജയിൽ മോചിതനാകും. കോടതി ഉത്തരവനുസരിച്ച് യു.പി പൊലീസിന്‍റെ സുരക്ഷയിലാണ് കാപ്പന്‍റെ വീട്ടിലേക്കുള്ള യാത്രയും മടക്കവും. അസുഖ ബാധിതയായ മാതാവിനെ കാണാൻ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

മാധ്യമങ്ങളെ കാണരുത്, പൊതുജനങ്ങളുമായി ഇടപഴകരുത്, വീട്ടിലേക്കുള്ള യാത്രയും മടക്കവും യു.പി പൊലീസ് സുരക്ഷയിൽ മാത്രം തുടങ്ങിയവയാണ് ഉപാധികൾ. കാപ്പൻ പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളയാളാണ്, ജാമ്യം അനുവദിക്കരുത്, ഇടക്കാല ജാമ്യം രണ്ട് ദിവസമായി വെട്ടിച്ചുരുക്കണം എന്നീ ആവശ്യങ്ങളാണ് യു.പി സ൪ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റ൪ ജനറൽ തുഷാ൪ മേത്ത മുന്നോട്ടുവെച്ചത്. ആവശ്യങ്ങൾ തള്ളിയ കോടതി യു.പി സ൪ക്കാറിനെ രൂക്ഷമായി വിമ൪ശിച്ചു.

Advertising
Advertising

മാനുഷിക പരിഗണന അ൪ഹിക്കുന്ന വിഷയത്തിൽ രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാണിച്ച് എതി൪പ്പുന്നയിക്കുന്നത് മാന്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വിമ൪ശിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദം നൽകരുതെന്ന് ആവശ്യപ്പെട്ട തുഷാ൪ മേത്തയോട് വീട് ജയിലാക്കാനാണോ ഉദ്ദേശിക്കുന്നതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഈ വാദം കാപ്പൻ അംഗീകരിച്ചാലും കോടതി അംഗീകരിക്കില്ലെന്നും കോടതി വ്യക്തമാക്കി. സിദ്ദിഖ് കാപ്പനുമായി വരുന്ന യു.പി പൊലീസുമായി കേരള പൊലീസ് സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഹാഥ്റസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് സിദ്ദിഖ് കാപ്പനെയും മൂന്ന് പേരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ജാതി സംഘർഷം ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള യാത്രയാണെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് കാപ്പനെതിരായ കേസിൽ യു.പി പൊലീസ് ചുമത്തിയത്.

Tags:    

Similar News