ആരാകും മിസ്റ്റര്‍ ഐബിസ്; തയ്യാറെടുത്ത് ഇന്ത്യയിലെ ഫിറ്റ്നസ് ഇന്‍ഡസ്ട്രി

മത്സരാർത്ഥികൾക്ക് ഡിസംബർ 31 വരെ പേര് രജിസ്റ്റർ ചെയ്യാം. എട്ടു കാറ്റഗറികളിലായി പത്തുലക്ഷം രൂപയാണ് സമ്മാനത്തുക.

Update: 2021-12-03 08:54 GMT
Advertising

2022 മെയ് മാസത്തില്‍ കേരളത്തിൽ ആദ്യമായി നടക്കാന്‍ പോകുന്ന സ്വകാര്യ ബോഡി ബിൽഡിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്ത്യയില്‍ നിന്നാകെ അപേക്ഷകള്‍. മത്സരം കേരളത്തിലങ്ങോളമിങ്ങോളമുള്ള ബോഡി ബില്‍ഡര്‍മാര്‍ക്കും ജിമ്മുകള്‍ക്കും വേണ്ടിയുള്ളതാണെങ്കിലും ബാംഗ്ലൂര്‍, പൂനെ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രശസ്തരായ നിരവധി ബോഡി ബില്‍ഡര്‍മാരാണ് ഇതിനകം മത്സരത്തിന്‍റെ ഭാഗമാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളത്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജിമ്മുകളും തങ്ങളുടെ ഒന്നില്‍കൂടുതല്‍ മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി സംഘാടകരെ സമീപിച്ചു കഴിഞ്ഞു. മത്സരാർത്ഥികൾക്ക് ഡിസംബർ 31 വരെ പേര് രജിസ്റ്റർ ചെയ്യാം. എട്ടു കാറ്റഗറികളിലായി പത്തുലക്ഷം രൂപയാണ് സമ്മാനത്തുക. 

Full View

ബോഡി ബിൽഡിംഗിലും ഫിറ്റ്‌നസ് രംഗത്തും കഴിവുള്ളവരെ വാർത്തെടുക്കുകയും സർട്ടിഫൈഡ് ആക്കുകയും ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഐബിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിറ്റ്‌നസ് സ്റ്റഡീസ് ആണ് 'മിസ്റ്റര്‍ ഐബിസ്' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വകാര്യ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിന്‍റെ സംഘാടകര്‍. ബോഡി ബിൽഡിംഗിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും നിലവില്‍ ഈ രംഗത്തുള്ളവർക്ക് കൂടുതൽ പ്രോത്സാഹനവും നൽകുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. സർട്ടിഫൈഡ് ആയിട്ടുള്ള ബോഡി ബിൽഡേഴ്‌സിനെ ആദരിക്കുകയും അവര്‍ക്ക് വിദേശരാജ്യങ്ങളിൽ നല്ല അവസരമൊരുക്കാനുള്ള ഒരു വേദി ഒരുക്കുകയുമാണ് ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പ് നടത്തുക വഴി സംഘാടകര്‍ ലക്ഷ്യം വെക്കുന്നത്. 


ഈ കോവിഡ് കാലം തകര്‍ത്ത ഇന്‍ഡസ്ട്രികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഫിറ്റ്നസ് ഇന്‍ഡസ്ട്രി. പല രംഗത്തും അത്‌ലറ്റുകൾക്ക് പ്രോത്സാഹനമാകാറുള്ളത് സ്വകാര്യ മത്സരങ്ങളാണ്. എന്നാൽ ഇതുവരെ ഫിറ്റ്‌നസ് ആന്‍റ്  ബോഡി ബിൽഡിംഗ് രംഗത്ത് സ്വകാര്യസ്ഥാപനങ്ങളൊന്നും മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നില്ല. അസോസിയേഷനുകളുടെ നേതൃത്വങ്ങളില്‍ നടന്നിരുന്ന മത്സരങ്ങളിലൂടെ പ്രൊമോട്ട് ചെയ്യപ്പെട്ടതാകട്ടെ അത്‍ലറ്റുകളല്ല, അസോസിയേഷനുകളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ബോഡി ബിൽഡിംഗ് അസോസിയേഷനുകൾ നടത്തുന്ന മത്സരങ്ങൾക്കപ്പുറം ഈ രംഗത്തുള്ളവർക്ക് കൂടുതൽ അവസരം നൽകുകയാണ് മിസ്റ്റർ ഐബിസ് ചാമ്പ്യന്‍ഷിപ്പ്.

മാത്രമല്ല, വളരെ പരിതാപകരമാണ് നമ്മുടെ നാട്ടിലെ ബോഡി ബിൽഡേഴ്‌സിന്‍റെ അവസ്ഥയും. ആരാണ് മിസ്റ്റർ ഇന്ത്യ, ആരാണ് മിസ്റ്റർ കേരള എന്ന് തിരിച്ചറിയുന്നവര്‍ പോലും സമൂഹത്തില്‍ വളരെ കുറവാണ്. എത്ര ലക്ഷം രൂപ ചെലവിട്ടാണ് ഈ മത്സരത്തിലേക്ക് അവര്‍ അവരെ തയ്യാറാക്കിയെടുത്തത് എന്നും സമൂഹം തിരിച്ചറിയുന്നില്ല. ലഭിക്കുന്ന സമ്മാനത്തുകയും തുച്ഛമാണ്. ഇത്തരം സ്വകാര്യ ബോഡി ബില്‍ഡിംഗ് മത്സരങ്ങള്‍ ഫിറ്റ്നസ് ഇന്‍ഡസ്ട്രിയെ സഹായിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.

ബോഡി ബില്‍ഡേഴ്സിന് മാത്രമല്ല, ഏറ്റവും കൂടുതൽ അത്‌ലറ്റുകളെ മത്സരിപ്പിക്കുന്ന ജിമ്മുകൾക്കും സമ്മാനമുണ്ട്. ഡിസംബർ 31 നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. മാർച്ച് 19നാണ് ആദ്യ സ്ക്രീനിങ് നടക്കുക. മെയ് 14 നാണ് മത്സരം.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും വെബ്‌സൈറ്റ് സന്ദർശിക്കുക: https://ibisfitness.com/mr-ibis/

Tags:    

Similar News