റയോ ഒളിമ്പിക്സ്: ബ്രസീലില്‍ സുരക്ഷ ശക്തമാക്കി

Update: 2018-05-07 20:05 GMT
Editor : Alwyn K Jose
റയോ ഒളിമ്പിക്സ്: ബ്രസീലില്‍ സുരക്ഷ ശക്തമാക്കി
Advertising

ഫ്രാന്‍സിലെ നൈസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

റയോ ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബ്രസീലില്‍ സുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കി. ഫ്രാന്‍സിലെ നൈസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

രാജ്യത്തെ പ്രധാന റെയില്‍വെ സ്റ്റേഷനില്‍ നടത്തിയ മോക്ഡ്രില്ലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരക്ഷാസേനയുടെ ഏകോപനച്ചുമതലയുള്ള ക്രിസ്‌ത്യാനോ സാമ്പയോ. ഫ്രാന്‍സിലെ നൈസിലുണ്ടായ ആക്രണമാണ് ബ്രസീലിലും ആശങ്കയുണ്ടാക്കിയത്. ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളിലായി മോക്ഡ്രില്ലുകള്‍ നടത്തിവരികയാണ്. ആക്രമണങ്ങളെ എങ്ങനെ നേരിടാമെന്നും എങ്ങനെ രക്ഷപെടാമെന്നും ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ഇത്തരം മോക്ഡ്രില്ലുകളിലൂടെ ലക്ഷ്യമിടുന്നത്.

ബോംബാക്രമണങ്ങളും രാസായുധാക്രമണങ്ങളും മോക്ഡ്രില്ലിന്റെ ഭാഗമായി നടന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്സിനെ അപേക്ഷിച്ച് സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും എണ്ണം വര്‍ധിപ്പിച്ചു. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, സ്പെയിന്‍ രാജ്യങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ഇന്റലിജന്‍സ് കേന്ദ്രത്തിന് രൂപം നല്‍കും. വിവിധ രാജ്യങ്ങളിലെ പൊലീസ് സേനയെ ബന്ധിപ്പിച്ച് സുരക്ഷ കേന്ദ്രവും ബ്രസീലില്‍ പ്രവര്‍ത്തിക്കും. രാജ്യം ഇതുവരെ തീവ്രവാദ ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെങ്കിലും ഇത്രയും വലിയ കായികമേളയുടെ പശ്ചാത്തലത്തിലാണ് ജാഗ്രത. 200 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം കായികതാരങ്ങളാണ് റയോയിലെത്തുക.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News