ഐപിഎല്ലിലെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ ഇന്നറിയാം

Update: 2018-05-10 19:27 GMT
Editor : admin
ഐപിഎല്ലിലെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ ഇന്നറിയാം

രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ലയണ്‍സും ഏറ്റുമുട്ടും

ഐപിഎല്ലിലെ രണ്ടാമത്തെ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ഡല്‍ഹി ഫിറോസ് ഷാ കോട്‍ലയില്‍ രാത്രി എട്ട് മണിക്ക് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഗുജറാത്ത് ലയണ്‍സും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് കലാശ പോരാട്ടം.

ക്വാളിഫയര്‍ ഒന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ടാണ് ഗുജറാത്തിന്റെ വരവെങ്കില്‍ എലിമിനേറ്ററില്‍ ആധികാരിക ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയെ 22 റണ്‍സിന് തോല്‍പിച്ചാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. ബാംഗ്ലൂരിനോട് പരാജയപ്പെട്ടെങ്കിലും പ്രാഥമിക ഘട്ടത്തില്‍ രണ്ട് തവണ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസം ഗുജറാത്തിനുണ്ട്. മുന്‍ നിര ബാറ്റ്സ്മാന്‍മാരാണ് ഇരു ടീമുകളുടെയും കരുത്ത്.

Advertising
Advertising

ശിഖര്‍ ധവാന്‍- ഡേവിഡ് വാര്‍ണര്‍ ഓപ്പണിംഗ് കൂട്ടുകെട്ടിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. യുവരാജ് സിംഗും ഹെന്റിക്സും ഫോമിലേക്കുയര്‍ന്നതും ഹൈദരാബാദിന് കരുത്ത് നല്‍കുന്നു. ബ്രണ്ടന്‍ മക്കലവും റെയ്‌നയും ഡ്വെയിന്‍ സ്മിത്തും അടങ്ങുന്ന ബാറ്റിംഗ് നിര നിര്‍ണ്ണായക ഘട്ടത്തില്‍ ഫോമിലേക്കുയര്‍ന്നില്ലെങ്കില്‍ ഗുജറാത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ശക്തമായ ബൌളിംഗ് നിരയാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ധവാല്‍ കുല്‍ക്കര്‍ണി, പ്രവീണ്‍ കുമാര്‍, മുസ്താഫിസുര്‍ റഹ്മാന്‍, ഭുവനേശ്വര്‍ കുമാര്‍, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയവരുടെ പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമാകും. രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന കലാശ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News