രഞ്ജി ട്രോഫി: ഗോവയ്ക്കെതിരെ കേരളത്തിന് 171 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; വിഷ്ണു വിനോദിനും സെഞ്ച്വറി

Update: 2026-01-31 14:25 GMT
Editor : Harikrishnan S | By : Sports Desk

​ഗോവ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ നില ഭദ്രമാക്കി കേരളം. ഒൻപത് വിക്കറ്റിന് 526 റൺസെന്ന നിലയിൽ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത കേരളം, 171 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 18 റൺസെന്ന നിലയിലാണ്.

രണ്ട് വിക്കറ്റിന് 237 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച കേരളത്തിന് രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ, ക്യാപ്റ്റൻ വിഷ്ണു വിനോദ് എന്നിവരുടെ ഇന്നിങ്സുകളാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്. രോഹൻ കുന്നുമ്മൽ 153 റൺസെടുത്താണ് പുറത്തായത്. 14 ബൗണ്ടറികളും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. സൽമാൻ നിസാർ 52 റൺസുമായി മടങ്ങി.

Advertising
Advertising

തുടർന്നെത്തിയ ക്യാപ്റ്റൻ വിഷ്ണു വിനോദും അഹമ്മദ് ഇമ്രാനും ചേർന്ന് 93 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത അഹമ്മദ് ഇമ്രാൻ റണ്ണൗട്ടാവുകയായിരുന്നു. മറുവശത്ത് തകർപ്പൻ ബാറ്റിങ് തുടർന്ന വിഷ്ണു വിനോദിന്റെ മികവിൽ കേരളത്തിന്റെ സ്കോർ അതിവേഗം മുന്നേറി. 34 പന്തുകളിൽ 36 റൺസെടുത്ത അങ്കിത് ശർമ്മയും അതിവേഗം സ്കോർ ഉയർത്തി. 113 റൺസെടുത്ത വിഷ്ണു വിനോദ്, അമൂല്യ പാണ്ഡ്രേക്കറുടെ പന്തിൽ എൽ.ബി.ഡബ്ല്യു ആവുകയായിരുന്നു. 128 പന്തുകളിൽ 14 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിങ്സ്.

ഒടുവിൽ ഒൻപത് വിക്കറ്റിന് 526 റൺസെടുത്തു നിൽക്കെ കേരളം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ബേസിൽ എൻ.പി 13-ഉം നിധീഷ് എം.ഡി 20-ഉം റൺസുമായി പുറത്താകാതെ നിന്നു. മാനവ് കൃഷ്ണ 12-ഉം ശ്രീഹരി എസ്. നായർ നാലും റൺസെടുത്തു. ഗോവയ്ക്കായി ലളിത് യാദവും അമൂല്യ പാണ്ഡ്രേക്കറും മൂന്ന് വിക്കറ്റ് വീതവും അർജുൻ ടെണ്ടുൽക്കർ രണ്ട് വിക്കറ്റും നേടി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസെടുത്തിട്ടുണ്ട്. സുയാഷ് പ്രഭുദേശായ് (14), കശ്യപ് ബാക്ലെ (4) എന്നിവരാണ് ക്രീസിലുള്ളത്.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News