ഒളിമ്പിക്സിനായുള്ള അവസാനഘട്ട ഒരുക്കത്തില്‍ റിയോ
206 രാജ്യങ്ങളില്‍ നിന്നായി 306 മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ പതിനായിരത്തിലധികം കായികതാരങ്ങള്‍ റിയോയിലെത്തും. ഒപ്പം രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ ഉണര്‍വിനും ഒളിമ്പിക്സ് കാരണമാകുമെന്ന് ബ്രസീല്‍ പ്രതീക്ഷിക്കുന്നു
ഒളിമ്പിക്സിന് ഇനി 17 നാള്‍. ലോകത്തിലെ ഏറ്റവും വലിയ കായിക മേളയെ വരവേല്‍ക്കാനുളള അവസാനവട്ട തയ്യാറെടുപ്പിലാണ് ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോ. കായിക ലോകം റിയോയിലേക്ക് ചുരുങ്ങുമ്പോള്‍ അതിന്‍റെ എല്ലാ ആവേശവും പ്രകടമാകുന്ന ഒരുക്കങ്ങളാണ് ബ്രസീലില്‍ പുരോഗമക്കുന്നത്.
പ്രധാന ചടങ്ങുകള്‍ നടക്കുന്ന മരക്കാന സ്റ്റേഡിയം, റഗ്ബിക്കും അശ്വാഭ്യാസത്തിനും വേദിയാകുന്ന ഡിയോഡോറ സോണ്‍, അക്വാസ്റ്റിക്സ് സ്റ്റേഡിയം, ഒളിമ്പിക് വില്ലേജ് തുടങ്ങീ എല്ലായിടങ്ങളിലും ഒരുക്കങ്ങള്‍ തകൃതി. കോപകബാനയിലെ ബീച്ച് വോളിബാള്‍ വേദി, ടെന്നീസിനും ബാസ്ക്കറ്റ് ബാളിനും നീന്തലിനും വേദിയാകുന്ന ബാര ഒളിമ്പിക് പാര്‍ക്ക്, വിവിധ സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴി എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. ക്രൈസ്റ്റ് ദ റഡീമര്‍ പ്രതിമക്ക് കീഴെ 37 വേദികളാണ് ഒളിമ്പിക്സിനായി നിര്‍മ്മിക്കുന്നത്.
206 രാജ്യങ്ങളില്‍ നിന്നായി 306 മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ പതിനായിരത്തിലധികം കായികതാരങ്ങള്‍ റിയോയിലെത്തും. ഒപ്പം രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ ഉണര്‍വിനും ഒളിമ്പിക്സ് കാരണമാകുമെന്ന് ബ്രസീല്‍ പ്രതീക്ഷിക്കുന്നു. ഒളിമ്പിക്സിന്‍റെ ഭാഗമായി അഞ്ച് ലക്ഷം പേര്‍ ആഗസ്റ്റ് 5 മുതല്‍ 21 വരെ റിയോ ഡി ജനീറോയിലെത്തും എന്നാണ് കണക്കുകൂട്ടല്‍.