സൈനയല്ല, ബാഡ്മിന്റണില്‍ ഇനി സിന്ധു
ഇന്ത്യന്‍ ഓപ്പണില്‍ സിന്ധുവിന്റെ കന്നിക്കീരിടത്തിനാണ് ഇന്ന് ഡല്‍ഹി സിരിഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സാക്ഷിയായത്
ഇക്കാലമത്രയും സൈന നെഹ്‌വാളിലായിരുന്നു ഇന്ത്യന്‍ ബാഡ്മിന്റണ്‍ കറങ്ങിത്തിരിഞ്ഞിരുന്നത്. 2016ലെ റിയോ ഒളിമ്പിക്‌സ് വരെ പി.വി സിന്ധുവിനെ അധികമാരും അറിഞ്ഞുപോലുമില്ല. എന്നാല്‍ സൈനക്കൊത്ത എതിരാളിയായി മറ്റൊരു ഹൈദരാബാദുകാരി വളരുന്നുണ്ടായിരുന്നു. റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണിലെ വെള്ളി നേട്ടത്തോടെ സിന്ധു തന്റെ കളി മികവ് തെളിയിച്ചു. അതോടെ ബാഡ്മിന്റണ്‍ രംഗത്ത് ഇന്ത്യക്ക് മറ്റൊരു വിലാസം കൂടിയായി. ഇതേ ടൂര്‍ണമെന്റില്‍ സൈനയെ ക്വാര്‍ട്ടറില്‍ തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയതെന്നു കൂടിയാവുമ്പോള്‍ സൈനയേക്കാളും കളി മികവ് തനിക്കുണ്ടെന്ന് തെളിയിക്കാനുമായി.
സ്പാനിഷ് താരമായ കരോലിന മാരിനും പിവി സിന്ധുവും നേരത്തെ ഏറ്റമുട്ടിയിരുന്നുവെങ്കിലും റിയോ ഒളിമ്പിക്‌സിന് ശേഷമാണ് പോരാട്ടത്തിന് വീറും വാശിയും അതോടൊപ്പം കാണികള്‍ക്ക് ആവേശവും കൈവരുന്നത്. ഇന്ത്യന്‍ ഓപ്പണില്‍ സിന്ധുവിന്റെ കന്നിക്കിരീടത്തിനാണ് ഇന്ന് ഡല്‍ഹി സിരിഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സാക്ഷിയായത്. അതും ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മാരിനെ തോല്‍പിച്ച്. ജയത്തോടെ 2016ലെ ഒളിമ്പിക്‌സ് ഫൈനലിലെ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി.
എന്നാല്‍ 2016 ലെ മത്സരത്തിന് ശേഷം ദുബൈ വേള്‍ഡ് സൂപ്പര്‍സീരിസില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും സിന്ധുവിനായിരുന്നു വിജയം. മാരിന് മേല്‍ തുടര്‍ച്ചയായ രണ്ടാം വിജയവും പത്ത് മത്സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴുള്ള വിജയം അഞ്ചായി ഉയര്‍ത്താനും സിന്ധുവിനായി. സൈന നെഹ്‌വാളിനും കിഡംബി ശ്രീകാന്തിനും പുറമെ ഇന്ത്യന്‍ ഓപ്പണ്‍ സ്വന്തമാക്കാനും സിന്ധുവിനായി.
സിന്ധുവിന്റെ രണ്ടാം സൂപ്പര്‍ സീരീസ് നേട്ടമാണിത്. 2016 നവംബറില്‍ ചൈന ഓപ്പണ്‍ സിന്ധുവിനായിരുന്നു. ഈ വര്‍ഷം ജനുവരി ആദ്യത്തില്‍ ലക്‌നോവില്‍ നടന്ന സെയിദ് മോദി ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് പ്രിക്‌സ് ജേതാവും സിന്ധുവായിരുന്നു. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള സിന്ധുവിന്റെ ലക്ഷ്യം ഒന്നാം റാങ്കാണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ 21 കാരിയായ സിന്ധുവിന് ഈ ലക്ഷ്യം കൈവരിക്കാനാവും.