പിന്നില്‍ നിന്ന ശേഷം ഒമാനെ സമനിലയില്‍ തളച്ച് ടീം ഇന്ത്യ

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സന്ദര്‍ശകരായ ഇന്ത്യ തിരിച്ചടിച്ച് സമനില നേടിയത്.

Update: 2021-03-25 16:15 GMT

സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ കരുത്തരായ ഒമാനെ സമനിലയില്‍ തളച്ച് ടീം ഇന്ത്യ. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സന്ദര്‍ശകരായ ഇന്ത്യ തിരിച്ചടിച്ച് സമനില നേടിയത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ചിങ്ലെ‌ന്‍സന സിംഗിന്‍റെ സെല്‍ഫ് ഗോളാണ് ഒമാന് ലീഡ് സമ്മാനിച്ചത്. അതിന് മുമ്പ് മികച്ച അവസരത്തിലൂടെ ഗോള്‍ നേടാന്‍ ഒമാന് അവസരമുണ്ടായെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അല്‍ മഖ്ബാലി രക്ഷകനാകുകയായിരുന്നു.

ഇരുപത്തിയെട്ടാം മിനുട്ടിലായിരുന്നു ഒമാന്‍റെ സുവര്‍ണാവസരം. ഒമാന്‍റെ അബ്ദുള്‍ അസീസ് അല്‍ മഖ്ബാലിയെ പെനല്‍റ്റി ബോക്സില്‍ റൗളിന്‍ ബോര്‍ഗസ് വീഴ്ത്തിയതിന് ഒമാന് അനുകൂലമായി പെനല്‍റ്റി ലഭിക്കുകയായിരുന്നു. പെനാല്‍ട്ടിയെടുത്ത മഖ്ബാലിയുടെ കിക്ക് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ് തട്ടിയകറ്റി.

Advertising
Advertising

രണ്ടാം പകുതിയുടെ 55-ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ സമനില ഗോള്‍. ബോക്സിന്‍റെ വലതുഭാഗത്തു നിന്ന് ബിപിന്‍ സിംഗ് നല്‍കിയ ക്രോസില്‍ നിന്നായിരുന്നു മന്‍വീറിന്‍റെ ഗോള്‍ വന്നത്. ബിപിന്‍ സിംഗിന്‍റെ ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ കണക്ട് ചെയ്താണ് ഇന്ത്യന്‍ ആരാധകരെ മന്‍വീര്‍ ആഘോഷത്തിലാഴ്ത്തിയത്. സമനില ഗോള്‍ കണ്ടെത്തിയതോടെ ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച വന്നെങ്കിലും ലീഡ് നേടാന്‍ കാര്യമായ അവസരങ്ങള്‍ ഒത്തുവന്നില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News