കറ്റാലന്‍ കംബാക്ക്; രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം അത്ലറ്റിക്കോയെ വീഴ്ത്തി ബാഴ്സ

കറ്റാലന്‍ ജയം രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്

Update: 2025-03-17 04:33 GMT

മാഡ്രിഡ്: ലാലിഗയിൽ ബാഴ്‌സലോണയുടെ തകർപ്പൻ കംബാക്ക്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ മെട്രോപൊളിറ്റാനോ സ്‌റ്റേഡിയത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോൾ തിരിച്ചടിച്ചായിരുന്നു കറ്റാലന്മാരുടെ തിരിച്ചുവരവ്. ഇഞ്ചുറി ടൈമിലാണ് ബാഴ്‌സയുടെ വിജയഗോളുകൾ പിറന്നത്.

മത്സരത്തിന്റെ 45ാം മിനിറ്റിൽ ഹൂലിയൻ അൽവാരസിലൂടെ അത്‌ലറ്റിക്കോ മുന്നിലെത്തി. ജൂലിയാനോ സിമിയോണിയുടെ അസിസ്റ്റിലായിരുന്നു ഗോൾ. 70ാം മിനിറ്റിൽ വലകുലുക്കി ഷോറോലോത്ത് അത്‌ലറ്റിക്കോയുടെ ലീഡുയർത്തി.

രണ്ട് മിനിറ്റിനുള്ളിൽ ബാഴ്‌സയുടെ മറുപടി. ഇനിഗോ മാർട്ടിനസിന്റെ തകർപ്പൻ അസിസ്റ്റിൽ ലെവന്റോവ്‌സ്‌കിയുടെ ക്ലിനിക്കൽ ഫിനിഷ്. 78ാം മിനിറ്റിൽ റഫിന്യയുടെ ക്രോസിന് തലവെച്ച് ഫെറാൻ ടോറസ് ബാഴ്‌സക്കായി സമനിലപിടിച്ചു.

Advertising
Advertising

90 മിനിറ്റ് കടന്നപ്പോള്‍ സമനിലയിലേക്കെന്ന് തോന്നിച്ച  മത്സരത്തില്‍ ബാഴ്‌സക്കായി വിജയ ഗോൾ നേടിയത് ലമീൻ യമാലാണ്. പെഡ്രിയുടെ കാലിൽ നിന്ന് പന്തേറ്റു വാങ്ങി പോസ്റ്റിന് വെളിയിൽ നിന്ന് ഗോൾവല ലക്ഷ്യമാക്കി ലമീൻ ഷോട്ടുതിർക്കുന്നു. അത്‌ലറ്റിക്കോ ഡിഫന്ററുടെ ശരീരത്തിൽ തട്ടി ഡിഫ്‌ളക്റ്റ് ചെയ്ത പന്ത് നേരെ വലയിലേക്ക് ഊര്‍ന്നിറങ്ങി.

98ാം മിനിറ്റിൽ ഫെറാൻ ടോറസിന്റെ ലോങ് റേഞ്ചറിൽ ബാഴ്‌സ അത്‌ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിൽ തലപ്പത്തെത്തി. രണ്ടാം സ്ഥാനത്തുള്ള റയലിനും കറ്റാലന്മാർക്കും 60 പോയിന്റ് വീതമാണുള്ളത്. ബാഴ്‌സ റയലിനേക്കാൾ ഒരു കളി കുറവാണ് കളിച്ചിട്ടുള്ളത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News