ഗാലറി നിറയെ ഫലസ്തീൻ പതാകകൾ; ഇസ്രയേൽ അതിക്രമത്തിനെതിരെ പരസ്യപ്രഖ്യാപനവുമായി സെൽറ്റിക് ആരാധകര്‍

ബത്‌ലഹേമിലുള്ള ഫലസ്തീനി അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്കു വേണ്ടി അയ്ദ സെൽറ്റിക് എന്നൊരു ക്ലബ്ബും സെൽറ്റിക് ആരാധകർ നടത്തുന്നുണ്ട്. സെൽറ്റിക്കിന്റെ പ്രസിദ്ധമായ വെള്ളയും പച്ചയും നിറമുള്ള ജഴ്‌സിയാണ് അയ്ദയിലെ കളിക്കാരും അണിയുന്നത്.

Update: 2021-05-13 11:54 GMT
Editor : André
Advertising

ഇസ്രയേലിന്റെ ശക്തമായ ആക്രമണം നേരിടുന്ന ഫലസ്തീന് ഐക്യദാർഢ്യവുമായി സ്‌കോട്ട്‌ലാന്റിലെ പ്രമുഖ ക്ലബ്ബായ സെൽറ്റിക്കിന്റെ ആരാധകർ. സ്‌കോട്ടിഷ് ലീഗിൽ സെൽറ്റിക്കും സെന്റ് ജോൺസ്റ്റണും ഏറ്റുമുട്ടുമ്പോൾ ഗാലറിയിൽ ഫലസ്തീൻ പതാകകൾ ഉണ്ടാകുമെന്ന് ആരാധക കൂട്ടായ്മയായ നോർത്ത് കർവ് സെൽറ്റിക് അറിയിച്ചു. ഗാലറിയിൽ പതാക സ്ഥാപിച്ചതിന്റെ ചിത്രം നോർത്ത് കർവ് ട്വിറ്ററിലൂടെ പുറത്തുവിട്ടു.

സെൽറ്റിക് ക്ലബ്ബും ആരാധകരും എക്കാലവും ഫലസ്തീനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ആരാധക കൂട്ടായ്മ മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കി. ക്ലബ്ബിന്റെ യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള മത്സരങ്ങളിൽ ഫലസ്തീൻ പതാകയുമായി ആരാധകർ ഗാലറിയിലെത്തിയതിന്റെ ചിത്രവും അവർ പങ്കുവെച്ചു.

2016-ൽ ചട്ടങ്ങൾ മറികടന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഫലസ്തീൻ പതാകയേന്തിയ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചതിന് സെൽറ്റിക്കിന് യുവേഫ 10000 യൂറോ പിഴശിക്ഷ വിധിച്ചിരുന്നു. ഇസ്രയേലി ക്ലബ്ബായ ഹാപൽ ബിർ ഷെവക്കെതിരായ മത്സരത്തിനിടെയാണ് ആരാധകർ കൂട്ടത്തോടെ ഫലസ്തീൻ പതാക വീശിയത്. ഗസ്സയിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഫലസ്തീനിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തുന്ന സംഘടനകൾക്കു വേണ്ടി 172,000 യൂറോ സമാഹരിക്കാനും നോർത്ത് കർവ് മുന്നിട്ടിറങ്ങി.

ബത്‌ലഹേമിലുള്ള ഫലസ്തീനി അഭയാർത്ഥി ക്യാമ്പിലെ കുട്ടികൾക്കു വേണ്ടി അയ്ദ സെൽറ്റിക് എന്നൊരു ക്ലബ്ബും സെൽറ്റിക് ആരാധകർ നടത്തുന്നുണ്ട്. സെൽറ്റിക്കിന്റെ പ്രസിദ്ധമായ വെള്ളയും പച്ചയും നിറമുള്ള ജഴ്‌സിയാണ് അയ്ദയിലെ കളിക്കാരും അണിയുന്നത്.

ഫലസ്തീനോടുള്ള ഐക്യദാർഢ്യം ക്ലബ്ബിന്റെ ലോകമെങ്ങുമുള്ള പ്രതിച്ഛായ വർധിപ്പിക്കുമെന്നും ഫലസ്തീൻ പതാക പ്രദർശിപ്പിക്കുന്നതിന്റെ പേരിലുള്ള യുവേഫയുടെ നടപടി കാര്യമാക്കുന്നില്ലെന്നും 2016-ലെ വിലക്കിനെ തുടർന്ന് ആരാധകർ വ്യക്തമാക്കിയിരുന്നു.

Tags:    

Editor - André

contributor

Similar News