ശുഭാന്ത്യം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

അഹ്മദാബാദില്‍ ഇന്ത്യന്‍ ജയം 142 റണ്‍സിന്

Update: 2025-02-12 15:11 GMT

അഹ്‌മദാബാദ്: അഹ്മദാബാദ് ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. 142 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 214 റൺസിന് കൂടാരം കയറി. ഇന്ത്യക്കായി ഹർഷിത് റാണ, അർഷദീപ് സിങ്, അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 38 റൺസ് വീതമെടുത്ത ഗസ് ആറ്റ്കിൻസണും ടോം ബാന്റണും 34 റൺസെടുത്ത ബെൻ ഡക്കറ്റുമാണ് ഇംഗ്ലീഷ് സംഘത്തിനായി പൊരുതി നോ്ക്കിയത്.

ശുഭ്മാന്‍ ഗില്‍ ഷോ... കോഹ്ലി ബാക്ക് 

നേരത്തേ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ 356 റൺസ് പടുത്തുയർത്തിയത്. ഇന്ത്യക്കായി വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും അർധ സെഞ്ച്വറി നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ രോഹിത് ശർമയെ മാർക് വുഡ് പുറത്താക്കി. പിന്നീട് ക്രീസിലൊന്നിച്ച ഗില്ലും കോഹ്ലിയും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. കോഹ്ലി പുറത്തായ ശേഷം ക്രീസിലെത്തിയ അയ്യരെ കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ ഗിൽ 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അതിനിടെ ഗിൽ സെഞ്ച്വറിയിൽ തൊട്ടു. 102 പന്തിൽ 14 ഫോറും മൂന്നും സിക്‌സും സഹിതം 112 റൺസായിരുന്നു 25 കാരന്‍റെ സമ്പാദ്യം.

35ാം ഓവറിൽ ഗില്ലിനെ ആദിൽ റഷീദ് പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ കെ.എൽ രാഹുലും മികച്ച ഫോമിലായിരുന്നു. അക്‌സറിനെ കൂട്ടുപിടിച്ച് രാഹുൽ 43ാം ഓവറിൽ ഇന്ത്യൻ സ്‌കോർ 300 കടത്തി. 47 ാം ഓവറില്‍ രാഹുല്‍ സാഖിബിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് വാലറ്റം ഇന്ത്യന്‍ സ്കോര്‍ 350 കടത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് നാല് വിക്കറ്റ് വീഴ്ത്തി. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News