കരച്ചില്‍ നിര്‍ത്തൂ എന്ന് സിറ്റി ആരാധകര്‍; മൈതാനത്ത് വിനീഷ്യസിന്‍റെ വായടപ്പന്‍ മറുപടി
വിനീഷ്യസ് ജൂനിയറാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്
ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്നലെ അരങ്ങേറിയ ആവേശപ്പോരിൽ അക്ഷരാർത്ഥത്തിൽ വിനീഷ്യസ് ജൂനിയർ ഷോയായിരുന്നു. രണ്ട് ഗോളിന് വഴിയൊരുക്കിയ ബ്രസീലിയൻ സൂപ്പർ താരം റയലിന്റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്.
85 മിനിറ്റ് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു റയലിന്റെ തകർപ്പൻ ജയം. 86ാം മിനിറ്റിൽ ബ്രഹീം ഡിയാസും ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാമുമാണ് വലകുലുക്കിയത്. കിലിയൻ എംബാപ്പെയുടെ വകയായിരുന്നു ലോസ് ബ്ലാങ്കോസിന്റെ ആദ്യ ഗോൾ. വിനീഷ്യസ് ജൂനിയറാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ ഇത്തിഹാദ് ഗാലറിയിൽ വിനീഷ്യസിനെ പരിഹസിച്ചൊരു ബാനർ സിറ്റി ആരാധകർ ഉയർത്തിയിരുന്നു. സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി ബാലൻദ്യോർ പുരസ്‌കാരത്തിൽ ചുംബിച്ച് നിൽക്കുന്ന ചിത്രത്തിൽ 'കരച്ചിൽ നിർത്തൂ എന്നാണ്' ആരാധകര്‍ എഴുതിയിട്ടിരുന്നത്. റയലിന്റെ വിജയത്തിന് ശേഷം ഇതിനെ കുറിച്ച് വിനീഷ്യസിനോട് മാധ്യമ പ്രവർത്തകർ ചോദ്യമുന്നയിച്ചു
. ആ ബാനറാണ് തനിക്ക് ഊർജം നൽകിയത് എന്നായിരുന്നു ബ്രസീലിയൻ താരത്തിന്റെ മറുപടി. കളിക്കിടെ തന്നെ പ്രകോപിപ്പിച്ച് കൊണ്ടിരുന്ന സിറ്റി ആരാധകർക്ക് മുന്നിൽ റയലിന്റെ 15 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുടെ ലോഗോയിൽ വിനീഷ്യസ് ചുംബിക്കുന്നതും കാണാമായിരുന്നു.