'സർഫറാസിനോട് കാണിക്കുന്നത് അനീതി'; താരത്തിന് പിന്തുണയുമായി ക്രിസ് ഗെയ്ൽ

ആർസിബിയിൽ ഇരുതാരങ്ങളും ഒരുമിച്ച് കളിച്ചിരുന്നു

Update: 2025-09-09 16:26 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: ഇന്ത്യൻ താരം സർഫറാസ് ഖാനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശ പ്രകടിപ്പിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം  ക്രിസ് ഗെയ്ൽ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതോടെയാണ് സെലക്ടർമാരെ വിമർശിച്ച് കരീബിയൻ വെടിക്കെട്ട് ബാറ്റർ രംഗത്തെത്തിയത്. ഓൺലൈൻ മാധ്യമത്തിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു താരം.

'സർഫറസിന് ടെസ്റ്റ് ടീമിൽ അവസരം നൽകണം, കുറഞ്ഞ പക്ഷം ടെസ്റ്റ് ടീമിലെങ്കിലും. ന്യൂസിലന്റിനെതിരെ സെഞ്ച്വറി നേടി എന്നിട്ടും സ്‌ക്വാഡിലില്ല. ശരീരഭാരം കുറച്ച സർഫറാസിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞദിവസം കണ്ടിരുന്നു. ഇതിനായി വലിയ കഠിനാദ്ധ്വനമാണ് താരം നടത്തിയത്. ഭാരം കൂടുന്നതോ കുറയുന്നോതോ പ്രശ്‌നമേയല്ല. അവൻ അവൻ ഇപ്പോഴും റൺസ് നേടുന്നുണ്ട്' ഗെയ്ൽ പറഞ്ഞു.

Advertising
Advertising

റോയൽ ചലഞ്ചേഴ്‌സിൽ നേരത്തെ ക്രിസ് ഗെയിലിന്റെ സഹതാരമായിരുന്നു സർഫറാസ്. ഇരുവരും 2015 സീസണിലാണ് ഒരുമിച്ച് കളിച്ചത്. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ടീമിൽ സ്ഥിരം സാന്നിധ്യമാവാൻ സർഫറാസിന് പലപ്പോഴും സാധിച്ചിരുന്നില്ല. 2020-ൽ ആഭ്യന്തര തലത്തിൽ അരങ്ങേറ്റം കുറിച്ച താരം നാലു വർഷകാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ടിനെതിരെ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ ഫിറ്റ്‌നെസ്സിലെ പോരായ്മയാണ് അവസരം കുറയുന്നതിന് കാരണമെന്ന് നേരത്തെ വിമർശനമുണ്ടായിരുന്നു.

'ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ താരമാണ് സർഫറാസ്. എന്നിട്ടും ദേശീയ ടീമിൽ അവന് അവസരമില്ലാത്തത് നിരാശപ്പെടുത്തുന്നു. മികവ് പുലർത്തുന്ന ഒട്ടേറെ താരങ്ങൾ ഇന്ത്യയിലുണ്ട്. എങ്കിലും സർഫറാസിനെ പോലുള്ള കളിക്കാർ മികച്ച കരിയർ അർഹിക്കുന്നു- ഗെയിൽ കൂട്ടിച്ചേർത്തു. വെസ്റ്റിന്റീസിനെതിരെ ഒക്ടോബറിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. ബോർഡർ ഗവാസ്‌കർ ട്രോഫിയിലാണ് സർഫറസ് അവസാനമായി കളത്തിലിറങ്ങിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News