ഐ.പി.എൽ: സി.എസ്.കെയെ തോൽപ്പിച്ച ഗുജറാത്തും ലഖ്‌നൗവിനോട് തോറ്റ ഡൽഹിയും ഇന്ന് മുഖാമുഖം

ഡൽഹിയുടെ മുൻ നായകൻ റിഷബ് പന്ത് ഡൽഹിയ്ക്ക് പിന്തുണയേകാൻ സ്‌റ്റേഡിയത്തിലെത്തുമെന്ന് വാർത്ത

Update: 2023-04-04 11:05 GMT

Delhi Capitals vs Gujarat Titans 

Advertising

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരം. വൈകീട്ട് 7.30ന് ഡൽഹി അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് സംഘമെത്തുന്നത്. എന്നാൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനോട് 50 റൺസിന് തോറ്റാണ് ഡൽഹി രണ്ടാം മത്സരം കളിക്കുന്നത്. ഗുജറാത്തിനോട് തോറ്റ സി.എസ്.കെ ഡൽഹിയോട് ജയിച്ച ലഖ്‌നൗവിനെ കഴിഞ്ഞ ദിവസം ദിവസം തോൽപ്പിച്ചിരുന്നു.

നിലവിലെ ജേതാക്കളായ ഗുജറാത്ത് കെയ്ൻ വില്യംസണില്ലാതെയാണ് കളിക്കുക. സി.എസ്.കെക്കെതിരെയുള്ള ആദ്യ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റതോടെ വില്യംസൺ പുറത്തിരിക്കുകയാണ്. എന്നാൽ ഡേവിഡ് മില്ലർ ടീമിലേക്കെത്തിയിട്ടുണ്ട്. അതേസമയം, ഡൽഹി ടീമിൽ ആൻട്രിച്ച് നോർജെയും ലുങ്കി എൻഗിഡിയും കളിക്കാൻ തയ്യാറാണ്. അതിനിടെ, മുൻ നായകൻ റിഷബ് പന്ത് ഡൽഹിയ്ക്ക് പിന്തുണയേകാൻ സ്‌റ്റേഡിയത്തിലെത്തുമെന്ന് വാർത്തയുണ്ട്. കഴിഞ്ഞ കളിയിൽ ഡഗ്ഗ്ഔട്ടിൽ താരത്തിന്റെ ജേഴ്‌സി ടീം പ്രദർശിപ്പിച്ചിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു താരം. ടീമിന്റെ ആദ്യ ഹോം മത്സരമാണ് ഇന്ന് നടക്കുന്നത്.

സാധ്യതാ ഇലവൻ (2023ലെ ഐ.പി.എല്ലിൽ ഇംപാക്ട് പ്ലയർ ഓപ്ഷൻ കൊണ്ടുവന്നതിനാലും ടോസ് നേടിയ ശേഷം ടീമിനെ പ്രഖാപിച്ചാൽ മതിയെന്നതിനാലും അന്തിമ ഇലവനിൽ വലിയ മാറ്റങ്ങൾ വന്നേക്കാം)

ഡൽഹി ക്യാപിറ്റൽസ്

നോർജെയെ ടീമിലെടുക്കുന്നത് ഡൽഹിയ്ക്ക് തന്ത്രപരമായ നീക്കമായേക്കും. റിലീ റൂസ്സോയുടെ സാന്നിധ്യം മധ്യനിരയിൽ ഇടംകയ്യൻ ബാറ്ററെ നൽകും. അദ്ദേഹം മികച്ച ഫോമിലുമാണുള്ളത്. പക്ഷേ നോർജെയ്ക്ക് വഴിയൊരുക്കുന്നത് റൂസ്സോവായേക്കാം.

മനീഷ് പാണ്ഡേ, ലളിത് യാദവ് എന്നിവർ റൂസ്സോയ്ക്ക് പകരക്കാരനാകാൻ കഴിയുന്നവരാണ്. വിശാല അനുഭവ സമ്പത്തുള്ളതിനാൽ മനീഷ് പാണ്ഡ്യയ്ക്കാണ് സാധ്യത. റിപാൽ പട്ടേൽ, യാഷ് ദുൾ എന്നിവർക്ക് നാലും അഞ്ചും സ്ഥാനങ്ങളിൽ ഇടമുണ്ടായിരിക്കില്ല.

നേർജെയെ ഉൾപ്പെടുത്തിയാൽ ഡൽഹി ചേതൻ സക്കറിയയെയോ മുകേഷ് കുമാറിനെയോ പുറത്തിരുത്തേണ്ടി വരും. മുകേഷ് കഴിഞ്ഞ കളിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. ചേതൻ രണ്ട് വിക്കറ്റ് നേടിയെങ്കിലും ഡെത്ത് ഓവറുകളിൽ അടി വാങ്ങിയിരുന്നു.

ഡൽഹിയുടെ സാധ്യതാ ഇലവൻ:

ഡേവിഡ് വാർണർ(ക്യാപ്റ്റൻ), പൃഥ്വിഷാ, മിച്ചൽ മാർഷ്, മനീഷ് പാണ്ഡ്യ, സർഫറാസ് ഖാൻ(വിക്കറ്റ്കീപ്പർ), റോവ്മാൻ പവൽ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, ആൻട്രിച്ച് നോർജെ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ.

ഇംപാക്ട് പ്ലയർ താരങ്ങൾ: അമൻ ഹകീം ഖാൻ, ചേതൻ സക്കറിയ, റിപാൽ പട്ടേൽ, യാഷ് ദുൾ, ലളിത് യാദവ്.

ഗുജറാത്ത് ടൈറ്റൻസ്

പരിക്കേറ്റ കെയ്ൻ വില്യംസണ് പകരം ഗുജറാത്തിന്റെ അന്തിമ ഇലവനിലുണ്ടാകുന്ന നാലാം വിദേശ താരം ആരാണെന്നതിൽ സംശയുമുണ്ട്. മില്ലർ കഴിഞ്ഞ വർഷം ഗുജറാത്തിന്റെ മിന്നും താരമായിരുന്നു. അഞ്ചാം സ്ഥാനത്ത് മികച്ച പ്രകടനമാണ് ഇക്കുറിയും പ്രതീക്ഷിക്കപ്പെടുന്നത്.

ലീഗിൽ ആദ്യമെറിഞ്ഞ ഏറെ റൺസ് വഴങ്ങിയെങ്കിലും ജോഷ്വ ലിറ്റിൽ തിരിച്ചുവന്നിട്ടുണ്ട്. നിരവധി ബൗളർമാരുള്ള ടീമാണ് ഹർദിക് പാണ്ഡ്യയുടേത്.

സായ് സുദർശൻ ഗുജറാത്തിനായി മികച്ച പ്രകടനമാണ് നടത്തുന്നത്. അതിനാൽ മൂന്നാം സ്ഥാനം ഉറപ്പിച്ചേക്കും. ഡൽഹിയിൽ അധിക സ്പിന്നർ വേണമെന്നതിനാൽ സായ് കിഷോർ ഇടംപിടിച്ചേക്കും. അത് പിച്ചിനും ടോസിനും അനുസരിച്ചായിരിക്കും.

ഗുജറാത്ത് ടൈറ്റൻസിന്റെ സാധ്യതാ ഇലവൻ:

ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ(വിക്കറ്റ്കീപ്പർ), ഹർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, വിജയ് ശങ്കർ, രാഹുൽ തേവാട്ടി, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ.

ഇംപാക്ട് പ്ലയർ താരങ്ങൾ: ആർ. സായി കിഷോർ, യാഷ് ദയാൽ, അഭിനവ് മനോഹർ, കെ.എസ്. ഭരത്. ജയന്ത് യാദവ്.

Delhi Capitals vs Gujarat Titans match in Indian Premier League today

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News