'തെറ്റാണോ എന്നറിയില്ല, നിയമം ശരിവെക്കുന്നു, ടീമിന്റെ ജയമാണ് പ്രധാനം': ഷാക്കിബ് അൽ ഹസൻ

തന്റെ തീരുമാനപ്രകാരമല്ല ടീമിലെ മറ്റൊരു താരം പറഞ്ഞിട്ടാണ് ടൈം ഔട്ടിന് മുതിര്‍ന്നതെന്നും ഷാക്കിബ്

Update: 2023-11-07 07:36 GMT
Editor : rishad | By : Web Desk
Advertising

ഡല്‍ഹി: നിയമത്തിന്റെ കണ്ണില്‍ തന്റെ പ്രവൃത്തിയില്‍ തെറ്റില്ലെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. ടൈം ഔട്ട് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ഷാക്കിബ് അല്‍ ഹസന്‍. തന്റെ തീരുമാനപ്രകാരമല്ല ടീമിലെ മറ്റൊരു താരം പറഞ്ഞിട്ടാണ് ടൈം ഔട്ടിന് മുതിര്‍ന്നതെന്നും ഷാക്കിബ് വ്യക്തമാക്കി. 

‘‘എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്താൻ വൈകിയപ്പോൾ ഫീൽഡർമാരിൽ ഒരാൾ എന്റെ അടുത്തെത്തി, ഇപ്പോൾ ഞാൻ അപ്പീൽ ചെയ്താൽ ഔട്ടാകുമെന്നു പറഞ്ഞു. അതോടെയാണ് ഞാൻ അപ്പീൽ ചെയ്യാൻ തീരുമാനിച്ചത്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് എനിക്കുത്തരമില്ല. പക്ഷേ, നിയമം അതു ശരിവയ്ക്കുന്നു. എന്റെ ടീമിന്റെ വിജയമാണ് എനിക്കു പ്രധാനം.’’– ഷാക്കിബുൽ ഹസൻ പറഞ്ഞു.

മത്സര ശേഷമായിരുന്നു ഷാക്കിബ് അല്‍ ഹസന്റെ പ്രതികരണം. അതേസമയം രൂക്ഷമായാണ് എയ്ഞ്ചലോ മാത്യൂസ് പ്രതികരിച്ചത്. ക്രിക്കറ്റിന് മാനക്കേടുണ്ടാക്കുന്നതാണെന്നും ഞെട്ടിപ്പോയെന്നുമായിരുന്നു മാത്യൂസിന്റെ പ്രതികരണം. വാർത്താസമ്മേളനത്തിലായിരുന്നു മാത്യൂസ് തുറന്നടിച്ചത്. മത്സര ശേഷം ബംഗ്ലാദേശ് കളിക്കാര്‍ക്ക് കൈ കൊടുക്കാതെയാണ് ശ്രീലങ്കന്‍ ടീം ഗ്രൗണ്ട്‌ വിട്ടത്. ബഹുമാനം അര്‍ഹിക്കുന്നവര്‍ക്കെ കൊടുക്കൂവെന്നായിരുന്നു ഇതിനുള്ള മറുപടി. 

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്ററാണ് മാത്യൂസ്. മത്സരത്തിൽ ബംഗ്ലാദേശ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിനുള്ള അവസരങ്ങൾ ലഭിച്ചിട്ടും എടുക്കാത്ത ക്യാപ്റ്റന്മാരുമുണ്ട്. 2007ൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിൽ നടന്ന മത്സരത്തിൽ സൗരവ് ഗാംഗുലിക്കെതിരെ ഇങ്ങനെ ഔട്ട് വിളിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ അന്ന് ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രേം സ്മിത്ത് അമ്പയറോട് ഔട്ട് ആവശ്യപ്പെട്ടില്ല. ഇതിന്റെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News