ആർച്ചർ മടങ്ങിയെത്തുന്നു; ഇന്ത്യക്കെതിരായ ലോഡ്‌സ് ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
ഇന്ത്യൻ നിരയിലേക്ക് ജസ്പ്രീത് ബുംറ മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്
ലണ്ടൻ: ഇന്ത്യക്കെതിരെ നാളെ ലോഡ്‌സിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാല് വർഷത്തിന് ശേഷം പേസർ ജോഫ്രാ ആർച്ചർ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. 30 കാരനായ താരം 2021 ൽ അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെയാണ് അവസാനമായി കളിച്ചത്. ജോഷ് ടോങ്ങിന് പകരക്കാരനായാണ് ഉൾപ്പെടുത്തിയത്.
One change for Lord's 🔁
— England Cricket (@englandcricket) July 9, 2025
After a four year wait...
Jofra returns to Test Cricket 😍
നേരത്തെ 2019 ലെ ആഷസിലായിരുന്നു ആർച്ചർ ലോർഡ്സിൽ അവസാനമായി കളത്തിലിറങ്ങിയത്. അന്ന് രണ്ട് ഇന്നിങ്‌സുകളിലായി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തിരുന്നു. 2019 നും 2021 നും ഇടയിൽ കളിച്ച ആർച്ചർ 13 ടെസ്റ്റുകളിൽ നിന്ന് 42 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. അടുത്തിടെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായും താരം കളിച്ചിരുന്നു.
അതേസമയം, ഇന്ത്യൻ ടീമിനെ നാളെ മത്സരത്തിന് തൊട്ടുമുൻപായാണ് പ്രഖ്യാപിക്കുക. എജ്ബാസ്റ്റണിൽ വിശ്രമത്തിലായിരുന്ന ജസ്പ്രീത് ബുംറ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ പ്രിസിദ്ധ് കൃഷ്ണയുടെ സ്ഥാനമാകും തെറിക്കുക. ലോർഡ്സിലെ വേദി പേസിനെ തുണക്കുന്നതാണെന്ന് പ്രതീക്ഷിക്കുന്നത്. നിലിവിൽ ഇരുടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് പരമ്പര (1-1) സമനിലയിലാണ്.