റെക്കോർഡിന് റെക്കോർഡ് കൊണ്ട് മറുപടി; ഇംഗ്ലണ്ടിനെതിരെ ഓസീസിന് ത്രസിപ്പിക്കുന്ന ജയം
ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ റെക്കോർഡ് സ്കോറിന് റെക്കോർഡ് കൊണ്ട് മറുപടി നൽകി ഓസീസ്. ഇംഗ്ലണ്ട് ഉയർത്തിയ 351 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 47.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു.120 റൺസുമായി ഓസീസിനെ മുന്നിൽ നിന്നും നയിച്ച ജോഷ് ഇംഗ്ലിസാണ് കംഗാരുക്കൾക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 165 റൺസെടുത്ത ബെൻ ഡക്കറ്റിന്റെ മിടുക്കിലാണ് റെക്കോർഡ് സ്കോറുയർത്തിയത്. 2004 ചാമ്പ്യൻസ് ട്രോഫിയിൽ യുഎസ്എക്കെതിരെ ന്യൂസിലാൻഡ് കുറിച്ച 347 റൺസിന്റെ െക്കോർഡാണ് തിരുത്തിയെഴുതിയത്. 143 പന്തുകളിൽ 165 റൺസെടുത്ത ഡക്കറ്റിന്റേത് ചാമ്പ്യൻസ് ട്രോഫിയിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായും മാറി.68 റൺസെടുത്ത ജോ റൂട്ടും ഇംഗ്ലണ്ടിനായി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 27 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. തുടർന്ന് മാർണസ് ലാബുഷെയ്ൻ (47), അലക്സ് ക്യാരി (69) എന്നിവർ നൽകിയ പിന്തുണയിൽ അടിച്ചുതകർത്ത ഇംഗ്ലിസ് ഓസീസിനെ വിജയതീരമണക്കുകയായിരുന്നു. 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്ന െഗ്ലൻ മാക്സ് വെല്ലും ഓസീസ് വിജയം എളുപ്പമാക്കി.