ഇംഗ്ലണ്ടിനൊരു 'ഷോട്ട് ബ്രേക്ക്'; ലക്ഷ്യം മൂന്നാം ടെസ്റ്റും ഇന്ത്യൻ സാഹചര്യങ്ങളും

അബൂദബിയിൽ കുടുംബത്തോടൊപ്പമാണ് ഇംഗ്ലീഷ് താരങ്ങൾ ചെലവഴിക്കുക. നേരത്തെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് വരുന്നതിന് മുമ്പും ഇംഗ്ലണ്ട് താരങ്ങൾ അബൂദബിയിലായിരുന്നു

Update: 2024-02-07 15:18 GMT
Editor : rishad | By : Web Desk

മുംബൈ: വിശാഖപ്പട്ടണത്തെ തോൽവിക്ക് പിന്നാലെ, ഇന്ത്യയിൽ നിന്നൊരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. അബൂദാബിയിലേക്കാണ് സ്റ്റോക്സും സംഘവും ഇടവേളക്ക് പിരിഞ്ഞിരിക്കുന്നത്. രണ്ടാം ടെസ്റ്റിൽ 106 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

മൂന്നാം ടെസ്റ്റിന് ഒരാഴ്ചയിലേറെ സമയം ലഭിക്കുന്ന സാഹചര്യത്തിലാണ് ഇംഗ്ലണ്ട് താരങ്ങള്‍ മത്സരാധിക്യത്തിന്‍റെ ക്ഷീണം കുറയ്ക്കാന്‍ അബുദാബിയിലേക്ക് പറക്കുന്നത്. രണ്ടാം ടെസ്റ്റ്, നാലാം ദിനത്തില്‍ അവസാനിച്ചിരുന്നു. ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

Advertising
Advertising

അബൂദബിയിൽ കുടുംബത്തോടൊപ്പമാണ് ഇംഗ്ലീഷ് താരങ്ങൾ ചെലവഴിക്കുക. നേരത്തെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് വരുന്നതിന് മുമ്പും ഇംഗ്ലണ്ട് താരങ്ങൾ അബൂദബിയിലായിരുന്നു. ഇന്ത്യൻ പിച്ചുകളിൽ സ്പിന്നർമാർ കളിപിടിക്കുന്നതിനാൽ ആ സാഹചര്യം മുതലെടുക്കാനായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ പരിശീലനം.

സ്പിന്നിനെ എങ്ങനെ കൈകാര്യം ചെയ്യാമെ്‌നായിരുന്നു കാര്യമായി അവർ നോക്കിയിരുന്നത്. ഇതിന്റെ ഗുണം ആദ്യ ടെസ്റ്റിൽ ലഭിക്കുകയും ചെയ്തു. 28 റൺസിനായിരുന്നു ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ വിജയം. അതേസമയം ഈ ഇടവേള നേരത്തെ തീരുമാനിച്ചിരുന്നതാണോ അതോ പെട്ടെന്ന് ഒരുക്കിയതാണോ എന്നാന്നും വ്യക്തമല്ല. 10 ദിവസം നീണ്ട ഇടവേള മൂന്നാം മത്സരത്തിന് മുമ്പ് ഇരു ടീമിനുമുണ്ട്.  

ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാസ്‌ബോൾ ക്രിക്കറ്റിനേറ്റ അടികൂടിയായി വിശാഖപ്പട്ടണത്തേത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ കോച്ച് ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും അവരുടെ ഒരു ദയയുമില്ലാത്ത ബാറ്റിംഗ് വെടിക്കെട്ട് ശൈലിയായാണ് ബാസ്ബോളിനെ വിശേഷിപ്പിച്ചിരുന്നത്. വിശാഖപട്ടണത്ത് ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മുന്നില്‍ മുട്ടുമടക്കിയെങ്കിലും ഇംഗ്ലണ്ട് ഒരു റെക്കോര്‍ഡ് പേരിലാക്കി എന്ന പ്രത്യേകതയുണ്ട്.  

ഇന്ത്യയില്‍ ടെസ്റ്റില്‍ ഒരു സന്ദര്‍ശക ടീമിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന നാലാം ഇന്നിംഗ്സ് സ്കോറാണ് ഇംഗ്ലണ്ട് നേടിയ 292 റണ്‍സ്. 2017ല്‍ ദില്ലിയില്‍ 299-5 എന്ന സ്കോറുമായി സമനില പിടിച്ച ശ്രീലങ്ക മാത്രമേ പട്ടികയില്‍ ഇംഗ്ലണ്ടിന് മുകളിലുള്ളൂ. 1987ല്‍ ദില്ലിയില്‍ തന്നെ 276-5 എന്ന സ്കോറിലെത്തിയ വെസ്റ്റ് ഇന്‍ഡീസിനെയാണ് ബെന്‍ സ്റ്റോക്സും സംഘവും പിന്തള്ളിയത്. 

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. രാജ്കോട്ടിന് പുറമെ റാഞ്ചി, ധര്‍മശാല എന്നിവിടങ്ങളിലാണ് ഇനി മത്സരങ്ങള്‍ കളിക്കാനുള്ളത്.  രണ്ടാം ടെസ്റ്റിലെ തോൽവിയിൽ പതറിയ ഇംഗ്ലണ്ട്, അബൂദാബി ക്യാമ്പിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News