‘‘ഞാൻ ഫലസ്തീനൊപ്പം തന്നെ; പോസ്റ്റിലെ ജൂതവിരുദ്ധ ചിഹ്നം അറിയാതെ ഉൾപ്പെട്ടത്’’ -ബിബിസി വിട്ട് ഗാരി ലിനേക്കർ
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം ഗാരി ലിനേക്കർ ബിബിസി അവതാരസ്ഥാനം രാജിവെച്ചു. ഫലസ്തീനെ അനുകൂലിച്ചുള്ള ലിനേക്കറുടെ പോസ്റ്റിൽ ജൂത വിരുദ്ധ ചിഹ്നം ഉൾപ്പെട്ടു എന്ന വിമർശനത്തിന് പിന്നാലെയാണ് ലിനേക്കറുടെ പടിയിറക്കം. ‘മാച്ച് ഓഫ് ദി ഡേ’ എന്ന പേരിൽ 26 വർഷമായി ബിബിസിയിലെ ജനപ്രിയ പരിപാടി അവതരിപ്പിച്ചിരുന്നയാളാണ് ലിനേക്കർ.
ഫലസ്തീനെ അനുകൂലിച്ച് ലിനേക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ജർമനിയിൽ നാസി കാലത്ത് ജൂതരെ അധിക്ഷേപിക്കാനായി ഉപയോഗിച്ചിരുന്ന എലിയുടെ ചിഹ്നം ഉൾപ്പെട്ടതാണ് വിമർശനങ്ങളുണ്ടാക്കിയത്. എന്നാൽ പ്രസ്തുത പോസ്റ്റ് ഡിലീറ്റ് ചെയ്തെന്നും ഫലസ്തീൻ അനുകൂല നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ലിനേക്കർ പറഞ്ഞു.
‘‘അതിൽ ജൂത വിരുദ്ധ ഉള്ളടക്കമുണ്ടെന്ന് അറിയില്ലായിരുന്നു. അത് ഞാൻ വിശ്വസിക്കുന്നതിന് വിപരീതമാണ്. തെറ്റായ ഉള്ളടക്കം ഉണ്ടെന്ന് അറിഞ്ഞ നിമിഷം തന്നെ അത് ഡിലീറ്റ് ചെയ്തു. അതുപോലെ മാനവിക വിഷയങ്ങളിൽ സംസാരിക്കുന്നതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ഗാസയിലെ കെടുതിയിൽ അടക്കം’’ - ലിനേക്കർ പ്രതികരിച്ചു.
ഫലസ്തീൻ അനുകൂലമായ നിലപാടുകൾ മുമ്പും തുറന്നുപറഞ്ഞയാളാണ് ലിനേക്കർ. ബിബിസിയുടെ ഒടിടി പ്ലാറ്റ്ഫോമായ ഐ െപ്ലയറിൽ നിന്നും ഗാസയെക്കുറിച്ചുള്ള ഡോക്യുമെന്ററി നീക്കിയത് ലോബിയിങ്ങിന് വഴങ്ങിയാണെന്ന് ലിനേക്കർ തുറന്നടിച്ചിരുന്നു.
ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫുട്ബോൾ താരങ്ങളിലൊരാളായ ലിനേക്കർ 1986 ലോകകപ്പിലെ ടോപ്പ് സ്കോററായിരുന്നു. ബാഴ്സലോണ, എവർട്ടൻ, ടോട്ടനം അടക്കമുള്ള പ്രമുഖ ക്ലബുകൾക്കായും കളത്തിലിറങ്ങി.