''ഹണിമൂൺ കാലം കഴിഞ്ഞു കേട്ടോ''; ദ്രാവിഡിന് മുന്നറിയിപ്പുമായി മുൻ സെലക്ടർ

ആസ്ട്രേലിയയില്‍ വച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ദ്രാവിഡിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്

Update: 2022-09-10 13:13 GMT
Advertising

ഏഷ്യാ കപ്പിൽ നിന്ന് പുറത്തായതിന് പിറകെ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ സെലക്ടർ സബാ കരീം. ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനത്ത് ദ്രാവിഡിന്‍റെ ഹണിമൂൺ കാലം കഴിഞ്ഞുവെന്ന് സബാ കരീം പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലും അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും കിരീടം ചൂടാൻ കഴിഞ്ഞാൽ മാത്രമേ പരിശീലകനെന്ന നിലയിൽ ദ്രാവിഡിന് സ്വയം തൃപ്തനാവാൻ കഴിയൂ എന്നും സബാ കരീം പറഞ്ഞു.

''ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്ത് ഹണിമൂണ്‍ കാലം അവസാനിച്ചു എന്ന് രാഹുല്‍ ദ്രാവിഡിന് നന്നായറിയാം. അദ്ദേഹത്തെ സംബന്ധിച്ച് ഇത് ബുദ്ധുമുട്ടേറിയ കാലമാണ്.    പരിശീലകനെന്ന നിലയിൽ വിജയം നേടണമെങ്കിൽ ദ്രാവിഡ് ആദ്യം ചെയ്യേണ്ടത് ഐസിസി കിരീടങ്ങൾ നേടുകയാണ്. രണ്ടാമതായി 'സെന' (സൗത്ത് ഔഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ ടെസ്റ്റ് പരമ്പര നേടുക എന്നതാണ്. സെന രാജ്യങ്ങളില്‍ ദ്രാവിഡ് കളിക്കുന്ന കാലത്ത് ഇന്ത്യ നിരവധി മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ പരമ്പര നേടുക എന്നതാണ് പ്രധാനം. സെന രാജ്യങ്ങളില്‍ പരമ്പര നേടാന്‍ തുടങ്ങിയാല്‍ ദ്രാവിഡ് സംതൃപ്തനാവും"-  കരീം പറഞ്ഞു.

ഏഷ്യാകപ്പില്‍ സൂപ്പര്‍ ഫോറിലെത്താനായെങ്കിലും സൂപ്പര്‍ ഫോറില്‍  തുടര്‍ തോല്‍വികളെ തുടര്‍ന്ന് ഇന്ത്യ പുറത്തായിരുന്നു. ഇതേത്തുടര്‍ന്ന് ദ്രാവിഡിന്‍റെ പരിശീന മികവിനെക്കുറിച്ചും   ചോദ്യങ്ങളുയര്‍ന്നു. ആസ്ട്രേലിയയില്‍ വച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ദ്രാവിഡിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. അതിന് മുമ്പ് ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ ഏകദിന ടി20 പരമ്പരകളുമുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News