കറക്കി വീഴ്ത്തി 'മിസ്റ്ററി' സ്പിന്നർ വരുൺ; കിവീസിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം

ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ട്രോഫി സെമിയിൽ ആസ്‌ത്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

Update: 2025-03-02 16:47 GMT
Editor : Sharafudheen TK | By : Sports Desk

ദുബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 44 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 45.3 ഓവറിൽ 205ൽ ഓൾഔട്ടായി. ജയത്തോടെ ഗ്രൂപ്പ് എ ചാമ്പ്യൻമാരായ ഇന്ത്യക്ക് സെമിയിൽ ആസ്‌ത്രേലിയയാണ് എതിരാളികൾ. ഹർഷിത് റാണക്ക് പകരം പ്ലെയിങ് ഇലവനിൽ സ്ഥാനംപിടിച്ച സ്പിന്നർ വരുൺ ചക്രവർത്തിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. 81 റൺസെടുത്ത കെയിൻ വില്യംസണ് മാത്രമാണ് ഇന്ത്യൻ സ്പിൻ ബൗളിങിന് മുന്നിൽ പിടിച്ചുനിൽക്കാനായത്. നേരത്തെ അർധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറിന്റെ അർധ സെഞ്ച്വറി(79) മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ദുബൈ സ്റ്റേഡിയത്തിൽ നാല് സ്പിന്നർമാരെ കളിപ്പിക്കാനുള്ള രോഹിത് ശർമയുടെയും ടീം മാനേജ്‌മെന്റിന്റേയും തീരുമാനം ശരിവെക്കുന്നതായിരുന്നു കളിക്കളത്തിലെ പ്രകടനം. മധ്യഓവറുകളിൽ കിവീസ് റണ്ണൊഴുക്ക് തടഞ്ഞുനിർത്താൻ ഇന്ത്യക്കായി.

Advertising
Advertising

  ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസിന്റെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 17 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ രചിൻ രവീന്ദ്രയെ(6) നഷ്ടമായി. ഹാർദിക് പാണ്ഡ്യയുടെ ഓവറിൽ കൂറ്റനടിക്ക് ശ്രമിച്ച കിവീസ് താരത്തെ അക്‌സർ പട്ടേൽ മികച്ചൊരു ക്യാച്ചിലൂടെ കൈപിടിയിലൊതുക്കുകയായിരുന്നു. പിന്നാലെ വിൽ യങിനെ(22) ബൗൾഡാക്കി വരുൺ ചക്രവർത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ഡാരിൽ മിച്ചൽ-കെയിൻ വില്യംസൺ കൂട്ടുകെട്ട്  കിവീസ് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ ഇരുവരും റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടതോടെ റൺറേറ്റ് താഴേക്ക് പോയത് മധ്യഓവറുകളിൽ കിവീസിന് തിരിച്ചടിയായി. സ്‌കോർ 93ൽ നിൽക്കെ ഡാരിൽ മിച്ചലിനെ(17) കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽകുരുക്കി. പിന്നാടെത്തിയ ടോം ലഥാമിനും(14) ഗ്ലെൻ ഫിലിപ്‌സിനും(12) ബ്രാസ്‌വെല്ലിനും(2) സ്പിന്നിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അവസാന ഓവറുകളിൽ ക്യാപ്റ്റൻ മിച്ചെൽ സാറ്റ്‌നെർ തകർത്തടിച്ചെങ്കിലും(28) ലക്ഷ്യം ഏറെ അകലെയായിരുന്നു. പേസ് ബൗളർ മുഹമ്മദ് ഷമി നാല് ഓവർ മാത്രമാണ് പന്തെറിഞ്ഞത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 249 പടുത്തുയർത്തിയത്. ശ്രേയസ് അയ്യരുടെ മികച്ച ബാറ്റിങാണ് ഇന്ത്യൻ ഇന്നിങ്‌സിന് അടിത്തറപാകിയത്. 98 പന്തിൽ നാല് ഫോറും രണ്ട് സിക്‌സറും സഹിതം 79 റൺസെടുത്തു. ഹാർദിക് പാണ്ഡ്യയും(45), അക്‌സർ പട്ടേലും (42) മികച്ച പിന്തുണ നൽകി. നായകൻ രോഹിത് ശർമ(15)യും ഉപനായകൻ ശുഭ്മാൻ ഗില്ലും(2), വിരാട് കോഹ്‌ലിയും(11) മടങ്ങിയതോടെ ഒരു വേള 30-3 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇവിടെ നിന്നാണ് ശ്രേയസ്-അക്‌സർ കൂട്ടുകെട്ട് പ്രതീക്ഷയിലേക്ക് ബാറ്റുവീശിയത്. കെ.എൽ രാഹുൽ(23), രവീന്ദ്ര ജഡേജ(16) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ദുഷ്‌കരമായ പിച്ചിലും അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ നടത്തിയ ചെറുത്ത് നിൽപാണ് സ്‌കോർ 249ലെത്തിച്ചത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News