സഞ്ജുവിന്റെ ഫിഫ്റ്റി പാഴായി; ഹൈദരാബാദ് ടി20യിൽ ഇന്ത്യക്ക് തോൽവി, പരമ്പരയിൽ ഒപ്പം പിടിച്ച് വിൻഡീസ്
രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്സർ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി
ഹൈദരാബാദ്: ഹൈദരാബാദ് രാജീഗ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഹൈ സ്കോറിങ് ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യയെ 24 റൺസിന് തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ പോരാട്ടം 19.4 ഓവറിൽ 223ൽ അവസാനിച്ചു. മലയാളി താരം സഞ്ജു സാംസൺ പവർപ്ലെ ഓവറുകളിൽ അർധ സെഞ്ച്വറിയുമായി വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും അത് മുതലെടുക്കാൻ ഇന്ത്യയുടെ മധ്യനിരക്കായില്ല. 23 പന്തിൽ 56 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. തിലക് വർമ 25 പന്തിൽ 43 റൺസടിച്ചപ്പോൾ നിതീഷ് കുമാർ റെഡ്ഡി 20 പന്തിൽ 41 റൺസുമായി അവസാനം വരെ പൊരുതി. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ അഭിഷേക് ശർമ(24 പന്തിൽ 29)ക്ക് കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യർ(11 പന്തിൽ 16), ഇഷാൻ കിഷൻ(3 പന്തിൽ 6), നമൻ ധിർ(0), അക്സർ പട്ടേൽ(3) എന്നിവരും നിരാശപ്പെടുത്തി. വെസ്റ്റ് ഇൻഡീസിനായി കീമോ പോൾ 41 റൺസിന് 5 വിക്കറ്റുമായി ഇന്ത്യയെ എറിഞ്ഞിട്ടു. ഗുഡകേഷ് മോടി രണ്ട് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ വിൻഡീസ് ഇന്ത്യക്കൊപ്പമെത്തി (2-2). പരമ്പരയിലെ അവസാന ടി20 ബെംഗളൂരുവിൽ ശനിയാഴ്ച നടക്കും.
റെക്കോർഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി സഞ്ജു സാംസൺ തകർപ്പൻ തുടക്കമാണ് നൽകിയത്. ഇന്നിങ്സിലെ ആദ്യ പന്തിൽ റോസ്റ്റൺ ചേസിനെ അതിർത്തി കടത്തി തുടങ്ങിയ മലയാളി താരം രണ്ടാം ഓവറിൽ ഷമാർ ജോസഫിനെ കണക്കിന് പ്രഹരിച്ചു. രണ്ട് സിക്സറും ഫോറും സഹിതം 18 റൺസാണ് ആ ഓവറിൽ സ്കോർ ബോർഡിൽ ചേർത്തത്. മൂന്നോവറിൽ 50 റൺസ് പിന്നിട്ട ഇന്ത്യ ചേസിങിലേക്ക് അതിവേഗം മുന്നേറി. റോസ്റ്റൺ ചേസ് എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 25 റൺസാണ് സഞ്ജു അടിച്ചെടുത്തത്. മൂന്നോവർ കഴിയുമ്പോൾ സഞ്ജു 18 പന്തിൽ 47 റൺസും അഭിഷേക് ഒരു പന്തിൽ ഒരു റൺസുമായിരുന്നു. കരിയറിലെ 100മത് സിക്സറും ഇതിനിടെ സഞ്ജു പൂർത്തിയാക്കി.
നാലാം ഓവറിൽ 20 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു അഞ്ചാം ഓവറിൽ കീമോ പോളിനെ സിക്സിന് പറത്താനുള്ള ശ്രമത്തിൽ ബൗണ്ടറിയിൽ ഷിമ്രോൺ ഹെറ്റ്മെയറിൻറെ തകർപ്പൻ ക്യാച്ചിൽ പുറത്തായി. സിക്സ് അടിച്ചു തുടങ്ങിയ ഇഷാൻ കിഷനെയും അതേ ഓവറിൽ കീമോ പോൾ മടക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഭിഷേക് ശർമയും പ്രതീക്ഷ നൽകിയെങ്കിലും ഒമ്പതാം ഓവറിൽ സ്കോർ 95ൽ നിൽക്കെ ശ്രേയസിനെ മടക്കി ഷമർ സ്പ്രിംഗർ ഇന്ത്യക്ക് മൂന്നാം പ്രഹരമേൽപ്പിച്ചു. അഭിഷേകും തിലകും ചേർന്ന് ഇന്ത്യയെ 100 കടത്തി പ്രതീക്ഷ നൽകിയെങ്കിലും അഭിഷേകും വൈകാതെ മടങ്ങി. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെ(0) കൂടി മടക്കി മോടി ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. അവസാന ഓവറുകളിൽ നിതീശ് കുമാറും തിലക് വർമയും ചേർന്ന് പ്രതീക്ഷ നൽകിയെങ്കിലും കീമോ പോളിന്റെ ബൗളിങിൽ ഇരുവരും മടങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിൻറെ വെടിക്കെട്ട് സെഞ്ചുറി മികവിലാണ്( 50 പന്തിൽ 102) റെക്കോർഡ് സ്കോർ കുറിച്ചത്. പരമ്പരയിലെ വിൻഡീസ് നായകന്റെ രണ്ടാം സെഞ്ച്വറിയാണിത്