വെട്ടിക്കുറച്ചത് 5.75 കോടി; നിർണായക നീക്കത്തിൽ നടരാജനെ തിരികെയെത്തിച്ച് ഹൈദരാബാദ്
40 ലക്ഷത്തിന് സ്പിന്നർ സീഷൻ അൻസാരിയെ ഹൈദരാബാദ് ഡൽഹിക്ക് കൈമാറും
ന്യൂഡൽഹി: ഐ.പി.എൽ താര കൈമാറ്റത്തിന്റെ ഭാഗമായി ഇടങ്കയ്യൻ പേസർ ടി.നടരാജൻ സൺറൈസേഴ്സ് ഹൈദരാബാദിലേക്ക് മടങ്ങിയെത്തി. 5 കോടിക്കാണ് ട്രേഡിലൂടെ എസ്ആർഎച്ച് മുൻ താരത്തെ ഒപ്പമെത്തിച്ചത്. പകരമായി ലെഗ് സ്പിന്നർ സീഷൻ അൻസാരി ഡൽഹി ക്യാപിറ്റൽസിലേക്ക് മടങ്ങും. 40 ലക്ഷത്തിനാണ് അൻസാരിയുടെ ഡീൽ ഡൽഹി പൂർത്തിയാക്കിയത്. 20ാം സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള രണ്ടാമത്തെ താരകൈമാറ്റമാണിത്.
2020 മുതൽ 2024 വരെയുള്ള അഞ്ച് സീസണുകളിൽ സൺറൈസേഴ്സിനായി കളിച്ച നടരാജൻ, 5.75 കോടി സാലറി വെട്ടിക്കുറച്ചാണ് മുൻ ഫ്രാഞ്ചൈസിയിലേക്ക് മാറിയത്. മെഗാലേലത്തിൽ 10.75 കോടിക്കാണ് ഡൽഹി നടരാജനെ കൂടാരത്തിലെത്തിച്ചത്. എന്നാൽ പരിക്കിനെ തുടർന്ന് ആദ്യ സീസൺ പൂർണമായി നഷ്ടമായ തമിഴ്‌നാട് താരത്തിന്, തൊട്ടടുത്ത സീസണിൽ ഇംപാക്ടുണ്ടാക്കാനായിരുന്നില്ല.
2024-ലെ ഐ.പി.എൽ സീസണിൽ 19 വിക്കറ്റുകൾ വീഴ്ത്തി എസ്.ആർ.എഫിന്റെ ഏറ്റവും വിജയകരമായ വിക്കറ്റ് വേട്ടക്കാരനായി മാറിയ താരം, ടീമിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2025-ലെ ഐ.പി.എൽ സീസണിൽ സൺറൈസേഴ്സിനായി 10 മത്സരങ്ങളിൽ കളിച്ച ശേഷമാണ് സീഷൻ അൻസാരി ഡൽഹി ക്യാപിറ്റൽസിലേക്ക് മാറിയത്. ഡൽഹിക്കെതിരെയുള്ള തകർപ്പൻ അരങ്ങേറ്റ മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തി ഐ.പി.എൽ കരിയർ ശ്രദ്ധേയമാക്കാൻ ഈ 26 കാരനായ സ്പിന്നർക്ക് സാധിച്ചിരുന്നു. ഇതുവരെ ഐ.പി.എല്ലിൽ 10 മത്സരങ്ങളിൽ നിന്നായി 6 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ള അൻസാരിയുടെ വരവ് ഡൽഹി ക്യാപിറ്റൽസിന്റെ സ്പിൻ ഡിപ്പാർട്ട്മെന്റിന് കൂടുതൽ കരുത്തുപകരും.