രാഹുലിനും ജുറേലിനും ജഡേജക്കും സെഞ്ച്വറി; അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്
രണ്ടാംദിനം കളി അവസാനിക്കുമ്പോൾ 448-5 എന്ന നിലയിലാണ് ഇന്ത്യ
അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. രണ്ടാംദിനം സ്റ്റമ്പെടുക്കുമ്പോൾ 448-5 എന്ന നിലയിലാണ്. 104 റൺസുമായി രവീന്ദ്ര ജഡേജയും 9 റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ. ജഡേജക്ക് പുറമെ കെഎൽ രാഹുലും ധ്രുവ് ജുറേലും രണ്ടാംദിനം ശതകം കുറിച്ചു. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സിൽ 286 റൺസ് ലീഡായി.
121-2 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ആതിഥേയർക്കായി കെഎൽ രാഹുലും ഗില്ലും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. കരിയറിലെ 11ാം സെഞ്ച്വറി നേടിയ ഉടനെ വാരികാന്റെ ഓവറിൽ ജസ്റ്റിൻ ഗ്രീവസിന് ക്യാച്ച് നൽകി രാഹുൽ(197 പന്തിൽ 100) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ ധ്രുവ് ജുറേലുമായി ചേർന്ന് ശുഭ്മാൻ ഗിൽ ലീഡുയർത്തി. അർധ സെഞ്ച്വറി നേടിയ ഉടനെ(50) ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങിയെങ്കിലും രവീന്ദ്ര ജഡേജ-ജുറേൽ സഖ്യം ആതിഥേയരുടെ സ്‌കോർ 400 കടത്തി. രണ്ടാംദിനം അവസാന സെഷനിൽ ജുറേൽ(210 പന്തിൽ 125) മടങ്ങിയെങ്കിലും വാഷിങ്ടൺ സുന്ദറുമായി ചേർന്ന് ജഡേജ സ്‌കോർ മുന്നോട്ട്‌കൊണ്ടുപോയി. വിൻഡീസിനായി ക്യാപ്റ്റൻ റോസ്റ്റൺ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി