'ഇനിയെങ്കിലും പരീക്ഷണങ്ങൾ അവസാനിപ്പിക്കൂ';അശ്വിനെ നേരത്തെ ഇറക്കിയതിൽ സഞ്ജുവിന് വിമർശനം

ബിഗ് ഹിറ്റർമാരായ റോമാൻ പവെലിനും ഷിംറോൺ ഹെറ്റ്‌മെയറിനും മുൻപെയായിരുന്നു ഈയൊരു പരീക്ഷണം

Update: 2024-04-17 13:40 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: ജോഷ് ബട്‌ലറിന്റെ ഒറ്റയാൻ കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഈഡൻ ഗാർഡനിൽ രാജസ്ഥാൻ റോയൽസ് അവിസ്മരണീയ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിന് പിന്നാലെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ തിരിഞ്ഞിരിക്കുകയാണ് ആരാധകർ.  ബാറ്റിങ് ഓർഡറിൽ സഞ്ജുവും പരിശീലകൻ കുമാർ സംഗാക്കരയും വരുത്തിയ മാറ്റമാണ് വിമർശനത്തിന് കാരണമായത്. 224 റൺസിന്റെ വമ്പൻ ടോട്ടൽ ചേസ് ചെയ്ത ആർആർ നിരയിൽ നിർണായക ഘട്ടത്തിൽ സ്ഥാനംകയറ്റം ലഭിച്ച് ആറാമനായി ക്രീസിലെത്തിയത് രവിചന്ദ്രൻ അശ്വിനായിരുന്നു.

100-4 എന്ന നിലയിൽ തകർച്ച അഭിമുഖീകരിച്ച ഘട്ടത്തിലാണ് അശ്വിനെ ഇറക്കിയത്. ബിഗ് ഹിറ്റർമാരായ റോമാൻ പവെലിനും ഷിംറോൺ ഹെറ്റ്‌മെയറിനും മുൻപെയായിരുന്നു ഈയൊരു പരീക്ഷണം. എന്നാൽ തീരുമാനം പാളി. 11 പന്തിൽ എട്ട് റൺസാണ് അശ്വിന് നേടാനായത്. റൺറേറ്റ് ഉയർത്തേണ്ട സമയത്തെ ഈയൊരു പ്രകടനം ടീമിന് വലിയ ബാധ്യതയുമായി. അശ്വിന് പിന്നാലെയെത്തിയ വിൻഡീസ് താരം ഹെറ്റ്‌മെയർ പൂജ്യത്തിന് പുറത്താകുകകൂടി ചെയ്തതോടെ വീണ്ടും തിരിച്ചടി നേരിട്ടു.

നേരത്തെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ തനുഷ് ടോട്ടിയാനെ ഓപ്പണറായി ഇറക്കിയതും വലിയ വിമർശനത്തിന് കാരണമാക്കിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ അവസാന പൊസിഷനിൽ ബാറ്റ് ചെയ്യുന്ന താരത്തെ ഓപ്പണറുറെ റോളിൽ കൊണ്ടുവരികയായിരുന്നു. മത്സരത്തിൽ 31 പന്ത് നേരിട്ട കോട്ടിയാൻ 24 റൺസായിരുന്നു നേടിയിരുന്നത്. പവർപ്ലേയിൽ റൺ കണ്ടെത്താൻ താരം ഏറെ പ്രയാസപ്പെടുകയായിരുന്നു. മത്സരത്തിൽ അവസാന ഓവറിലാണ് രാജസ്ഥാൻ വിജയം പിടിച്ചത്.

ഇതിനുസമാനമായ പരീക്ഷണമാണ് കൊൽക്കത്തക്കെതിരെയും നടത്തിയത്. എന്നാൽ ജോഷ് ബട്‌ലറിന്റെ അവിശ്വസനീയ പ്രകടനത്തിൽ അവസാന പന്തിൽ ടീം വിജയം സ്വന്തമാക്കുകയായിരുന്നു. കെകെആർ പടുത്തുയർത്തിയ 224 റൺസിന്റെ കൂറ്റൻ സ്‌കോറാണ് ഇംഗ്ലീഷ് താരത്തിന്റെ സെഞ്ച്വറി മികവിലാണ് രാജസ്ഥാൻ മറികടന്നത്. 60 പന്തിൽ 9 ഫോറും ആറു സിക്‌സറും സഹിതം 107 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News