"കൂടുതല്‍ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ എന്‍റെ റെക്കോര്‍ഡുകള്‍ അവന്‍ എന്നോ മറികടന്നേനെ"; ഇന്ത്യന്‍ ബൗളറെ വാനോളം പുകഴ്ത്തി കപില്‍ ദേവ്

ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ താരം കപില്‍ ദേവിന്‍റെ ഒരു റെക്കോര്‍ഡ് മറികടന്നിരുന്നു

Update: 2022-03-07 13:32 GMT

ശ്രീലങ്കക്കെതിരായ ഒന്നാം മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ  ഇന്ത്യന്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാമതെത്തിയ  സ്പിന്നർ രവിചന്ദ്ര അശ്വിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നുമായി ആറ് വിക്കറ്റ് വീഴ്ത്തിയാണ് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തിൽ  രണ്ടാമതെത്തിയത്. കപില്‍ ദേവിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അശ്വിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. 

434 വിക്കറ്റാണ് കപില്‍ ദേവിനുണ്ടായിരുന്നത്. ആറ് വിക്കറ്റ് നേട്ടത്തോടെ അശ്വിന്‍ 436 വിക്കറ്റുകളുമായി രണ്ടാംസ്ഥാനത്തേക്ക് കയറുകയായിരുന്നു.  മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് വിക്കറ്റ് വേട്ടക്കാരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനത്ത്. കുബ്ലെക്ക് 619 വിക്കറ്റുകളാണുള്ളത്. അശ്വിന് കൂടുതൽ അവസരം ലഭിച്ചിരുന്നെങ്കിൽ അദ്ദേഹം നേരത്തെ തന്നെ തന്‍റെ റെക്കോർഡുകൾ കടപുഴക്കിയേനെ എന്ന് കപിൽദേവ് പറഞ്ഞു.

Advertising
Advertising

"കഴിഞ്ഞ കുറച്ച് കാലമായി ടീമിൽ അധികം അവസരങ്ങളൊന്നും ലഭിക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടം തന്നെയാണ്. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിൽ നേരത്തെ തന്നെ പല റെക്കോർഡുകളും അദ്ദേഹം പഴങ്കഥയാക്കിയേനെ. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഞാൻ ഏറെ സന്തോഷവാനാണ്. ഈ രണ്ടാം സ്ഥാനം ഞാനെന്തിന് പിടിച്ചു വക്കണം"- കപിൽ ദേവ് പറഞ്ഞു.

 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്നിങ്സിനും 222 റൺസിനുമാണ് ഇന്ത്യ ലങ്കയെ തകർത്തത്. മത്സരത്തിൽ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.   ജഡേജക്കൊപ്പം അശ്വിനും തന്‍റെ ഓൾറൗണ്ട് മികവ് പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിംഗ്‌സിൽ വാലറ്റത്ത് അർധസെഞ്ച്വറിയുമായി ജഡേജക്കൊപ്പം നിലയുറപ്പിച്ച അശ്വിൻ രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നുമായി ആറ് വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച സ്പിന്നറാണ് സച്ചിനെന്നും അദ്ദേഹം പെട്ടെന്ന് തന്നെ 500 വിക്കറ്റ് നേട്ടം കരസ്ഥമാക്കുമെന്നും കപിൽ ദേവ് പറഞ്ഞു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News